ഇന്ത്യ-യുഎഇ എയര്‍ബബിള്‍ ധാരണ വ്യക്തമാക്കിയും സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നും യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി

By Web TeamFirst Published Aug 15, 2020, 3:04 PM IST
Highlights

യുഎഇയിലെ പ്രവാസി ഇന്ത്യക്കാര്‍ക്കായി എംബസിയുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ചടങ്ങിന്റെ ലൈവ് സ്ട്രീമിങ് ഉണ്ടായിരുന്നു. കരിപ്പൂര്‍ വിമാനാപകടത്തില്‍ പൊലിഞ്ഞവരെ അനുസ്മരിച്ച് ഒരു നിമിഷം മൗനം പാലിച്ച ശേഷമാണ് ചടങ്ങുകള്‍ പുരോഗമിച്ചത്. 

അബുദാബി: ഇന്ത്യയുടെ 74-ാമത് സ്വാതന്ത്ര്യ ദിനം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ലളിതമായി ആഘോഷിച്ച് യുഎഇയിലെ ഇന്ത്യന്‍ എംബസി. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ ദേശീയ പതാക ഉയര്‍ത്തി. സാമൂഹിക അകലം പാലിച്ചും കൊവിഡ് ജാഗ്രത മുന്‍നിര്‍ത്തിയുമുള്ള ആഘോഷ ചടങ്ങില്‍ എംബസി ഉദ്യോഗസ്ഥര്‍ മാത്രമാണ് പങ്കെടുത്തത്. 

യുഎഇയിലെ പ്രവാസി ഇന്ത്യക്കാര്‍ക്കായി എംബസിയുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ചടങ്ങിന്റെ ലൈവ് സ്ട്രീമിങ് ഉണ്ടായിരുന്നു. കരിപ്പൂര്‍ വിമാനാപകടത്തില്‍ പൊലിഞ്ഞവരെ അനുസ്മരിച്ച് ഒരു നിമിഷം മൗനം പാലിച്ച ശേഷമാണ് ചടങ്ങുകള്‍ പുരോഗമിച്ചത്. 

കൊവിഡിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കും വന്ദേ ഭാരത് മിഷന്റെ സുഗമമായ നടത്തിപ്പിനും എംബസി ജീവനക്കാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിവിധ സംഘടനകള്‍ എന്നിവയ്ക്ക് പവന്‍ കപൂര്‍ നന്ദി അറിയിച്ചു. യുഎഇ ഗവണ്‍മെന്റിനോടും ആരോഗ്യ വിഭാഗം അധികൃതരോടും നന്ദി അറിയിക്കുന്നതായി ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു. മൂന്ന് മാസത്തിനിടെ 325,000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായെന്നും ഇപ്പോള്‍ ഇന്ത്യ-യുഎഇ എയര്‍ബബിള്‍ ധാരണപ്രകാരം ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്ര കൂടുതല്‍ എളുപ്പമായെന്നും അദ്ദേഹം വ്യക്തമാക്കി. 

Ambassador Pavan Kapoor unfurled the in presence of the officers and staff of the Embassy. Live webcast was shared with the community to enable all to join the online celebrations of 74th pic.twitter.com/7V34SwjkE8

— India in UAE (@IndembAbuDhabi)

ജൂലൈ 12 മുതല്‍ 25 വരെയുള്ള കാലയളവില്‍ 25,000 യുഎഇ താമസവിസക്കാര്‍ക്ക് തിരികെ മടങ്ങാനായെന്നും പവന്‍ കപൂര്‍ അറിയിച്ചു. എയര്‍ ബബിള്‍ ധാരണ പ്രകാരം കൂടുതല്‍ യുഎഇ താമസക്കാര്‍ക്ക് തിരിച്ചു പോകാനാകുമെന്നും ഇന്ത്യന്‍ അംബാസഡര്‍ വിശദമാക്കി. 

മഹാമാരിക്കെതിരായുള്ള പോരാട്ടത്തില്‍ യുഎഇ ഗവണ്‍മെന്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനായെന്ന് അദ്ദേഹം പറഞ്ഞു. മരുന്നുകള്‍, ഡോക്ടര്‍മാര്‍, 400ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിങ്ങനെ വിവിധ സഹായങ്ങള്‍ നല്‍കാനായെന്ന് ഇന്ത്യന്‍ അംബാസഡര്‍ ചൂണ്ടിക്കാട്ടി. മാസ്‌കുകള്‍, പിപിഇ കിറ്റുകള്‍, മെഡിക്കല്‍ സഹായം എന്നിവ യുഎഇ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തിരികെ ലഭിച്ചെന്നും ആരോഗ്യ മേഖലയില്‍ ഇത്തരത്തില്‍ സഹകരണം ഉറപ്പാക്കാനായെന്നും പവന്‍ കപൂര്‍ വ്യക്തമാക്കി.  

click me!