ഇന്ത്യയും യുഎഇയും വിവേചനങ്ങള്‍ക്കെതിര്; പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി അംബാസഡര്‍ പവന്‍ കപൂര്‍

By Web TeamFirst Published Apr 20, 2020, 6:41 PM IST
Highlights

കൊവിഡ് 19 വൈറസിന് ജാതിയോ മതമോ നിറമോ വംശമോ ഭാഷയോ അതിര്‍ത്തികളോ ബാധകമല്ലെന്ന പ്രധാനമന്ത്രിയുടെ ട്വീറ്റ് പങ്കുവെച്ചാണ് പവന്‍ കപൂറിന്റെ പ്രതികരണം. വിവേചനങ്ങള്‍ നമ്മുടെ ധാര്‍മിക ചട്ടക്കൂടിനും നിയമങ്ങള്‍ക്കും എതിരാണെന്നും യുഎഇയിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും എപ്പോഴും ഇത് ഓര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

അബുദാബി: എല്ലാ തരത്തിലുമുള്ള വിവേചനങ്ങള്‍ക്കുമെതിരാണ് ഇന്ത്യയുടെയും യുഎഇയുടെയും മൂല്യങ്ങളെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര് പവന്‍ കപൂര്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ നിരവധി ഇന്ത്യക്കാര്‍ നടപടി നേരിട്ട പശ്ചാത്തലത്തിലാണ് കര്‍ശന മുന്നറിയിപ്പുമായി അബാസഡറുടെ ട്വീറ്റ്.

കൊവിഡ് 19 വൈറസിന് ജാതിയോ മതമോ നിറമോ വംശമോ ഭാഷയോ അതിര്‍ത്തികളോ ബാധകമല്ലെന്ന പ്രധാനമന്ത്രിയുടെ ട്വീറ്റ് പങ്കുവെച്ചാണ് പവന്‍ കപൂറിന്റെ പ്രതികരണം. വിവേചനങ്ങള്‍ നമ്മുടെ ധാര്‍മിക ചട്ടക്കൂടിനും നിയമങ്ങള്‍ക്കും എതിരാണെന്നും യുഎഇയിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും എപ്പോഴും ഇത് ഓര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

കൊവിഡുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷപരമായ പ്രചാരണങ്ങള്‍ നടത്തിയതിന് നിരവധി ഇന്ത്യക്കാര്‍ യുഎഇയില്‍ നടപടി നേരിട്ടിരുന്നു. ചിലര്‍ക്ക് ജോലി നഷ്ടമാവുകയും ചെയ്തു. പതിവിന് വിപരീതമായി യുഎഇ പൗരന്മാരും ഇത്തരം പ്രവണതകള്‍ക്കിതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചുതുടങ്ങുകയും ചെയ്തു. നിസാമുദ്ദീന്‍ സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രവാസി പോസ്റ്റ് ചെയ്ത സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് സഹിതം യുഎഇ രാജകുടുംബാംഗം തന്നെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. ഇത് അനുവദിക്കാനാവില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ  മതവിദ്വേഷം പ്രചരിപ്പിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഷാര്‍ജയിലെ മലയാളി വ്യവസായിയും സിനിമാ സംവിധായകനുമായ സോഹന്‍ റോയ് കഴിഞ്ഞ ദിവസം ക്ഷമാപണം നടത്തുകയും ചെയ്തു.

 

India and UAE share the value of non-discrimination on any grounds. Discrimination is against our moral fabric and the Rule of law. Indian nationals in the UAE should always remember this. https://t.co/8Ui6L9EKpc

— Amb Pavan Kapoor (@AmbKapoor)
click me!