ഇന്ത്യൻ അധികൃതർ അനുമതി നിഷേധിച്ചു; ജിദ്ദയിൽ നിന്നുള്ള സൗദി എയർ ലൈൻസിന്റെ കൊച്ചി വിമാനം മുടങ്ങി

By Web TeamFirst Published Mar 26, 2021, 11:01 AM IST
Highlights

സൗദിയിലെ പടിഞ്ഞാറൻ മേഖലയിലെ വിവിധ നഗരങ്ങളിൽ നിന്നും കിലോമീറ്ററുകളോളം റോഡ് യാത്ര ചെയ്ത് ജിദ്ദ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പല യാത്രക്കാരും വിവരമറിയുന്നത്. ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങുന്നവർ, ഗർഭിണികൾ, കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഇതോടെ പ്രയാസത്തിലായി. 

റിയാദ്: ജിദ്ദയിൽ നിന്ന് ഇന്ന് പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന സൗദി എയർ ലൈൻസിന്റെ കൊച്ചി വിമാനത്തിന് ഇന്ത്യൻ സിവിൽ ഏവിയേഷൻ അധികൃതർ  അനുമതി നിഷേധിച്ചു. വെള്ളിയാഴ്ച പുലർച്ചെ 12.20 ന് പുറപ്പെടേണ്ട ചാർട്ടേഡ് വിമാനമാണ്  അനുമതി നിഷേധത്തെ തുടർന്ന് അവസാന നിമിഷം മുടങ്ങിയത്. 

സൗദിയിലെ പടിഞ്ഞാറൻ മേഖലയിലെ വിവിധ നഗരങ്ങളിൽ നിന്നും കിലോമീറ്ററുകളോളം റോഡ് യാത്ര ചെയ്ത് ജിദ്ദ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പല യാത്രക്കാരും വിവരമറിയുന്നത്. ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങുന്നവർ, ഗർഭിണികൾ, കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഇതോടെ പ്രയാസത്തിലായി. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഓരോരുത്തർക്കും അയ്യായിരത്തിലധികം രൂപ ചെലവാക്കി എടുത്ത പി.സി.ആർ കോവിഡ് പരിശോധന നെഗറ്റീവ് റിപ്പോർട്ടും ഇതോടെ ഉപോയോഗിക്കാൻ പറ്റാത്ത അവസ്ഥയായി. 

യാതൊരു മുന്നറിയിപ്പുമില്ലാതെ ഡി.ജി.സി.എയുടെ ഭാഗത്ത് നിന്നും വിമാനത്തിനുള്ള അനുമതി നിഷേധിച്ചതിൽ കടുത്ത പ്രതിഷേധത്തിലാണ് യാത്രക്കാർ. കൃത്യമായ കാരണം അറിയിക്കാതെ വിമാനത്തിന് ഡി.ജി.സി.എ അനുമതി നിഷേധിച്ചത് ദുരൂഹമാണെന്ന് യാത്രക്കാര്‍ ആരോപിച്ചു. വരും ദിവസങ്ങളിലും നിരവധി യാത്രക്കാർ സൗദിയിലെ റിയാദ്, ദമ്മാം, ജിദ്ദ വിമാനത്താവളങ്ങളിൽ നിന്നുള്ള വിവിധ ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് പോവാനിരിക്കെ ഡി.ജി.സി.എ ഇത്തരമൊരു തീരുമാനം എടുത്തതിൽ പ്രവാസികൾ ആശങ്കാകുലരാണ്.

click me!