സൗദിയിലെ ആശുപത്രിയിൽ 231 ദിവസം; ബിഹാർ സ്വദേശിക്ക് മലയാളികളുടെ തുണ

By Web TeamFirst Published Oct 19, 2019, 12:19 PM IST
Highlights
  • ശനിയാഴ്ച നാട്ടിലേക്ക് മടങ്ങുന്ന മുസാഫിർ അലിക്ക് ലഭിച്ചത് സൗദി സർക്കാറിന്റെ കാരുണ്യം
  • 1,39,200 റിയാലിന്റെ ആശുപത്രി ബില്ലും ‘ഹുറൂബാ’യതിന്റെ സാമ്പത്തിക പിഴകളും നിയമകുരുക്കും അധികൃതർ ഒഴിവാക്കിക്കൊടുത്തു.

റിയാദ്: ജോലിയ്ക്കിടെ കെട്ടിടത്തിൽ നിന്നുവീണ് ഗുരുതര പരിക്കേറ്റ് മുസാഫിർ അലി എന്ന ബിഹാർ സ്വദേശി സൗദിയിലെ ആശുപത്രിയിൽ കിടന്നത് 231 ദിവസം. ആദ്യം അബോധാവസ്ഥയിലും പിന്നീട് ബോധം വീണ്ടെടുത്തെങ്കിലും മാനസിക നില തെറ്റിയ അവസ്ഥയിലും ആശുപത്രിയിൽ കിടന്ന ഇക്കാലമത്രയും തുണയും സ്നേഹപരിചരണവുമായി ഒപ്പം നിന്നത് മലയാളികൾ. ഒടുവിൽ എല്ലാ കടമ്പകളും കടന്ന് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുക്കുന്നതും മലയാളി സാമൂഹിക പ്രവർത്തകർ.

സൗദി ആശുപത്രിയധികൃതർ 1,39,200 റിയാലിന്റെ ബില്ലും, പാസ്പോർട്ട് വിഭാഗം നിയമ ലംഘനങ്ങളിലൂടെയുണ്ടായ സാമ്പത്തിക പിഴകളും നിയമകുരുക്കുകളും ഒഴിവാക്കി കൊടുക്കുക കൂടി ചെയ്തതോടെ ഈ അമ്പത്തൊന്നുകാരന് കിട്ടിയത് സൗദി സർക്കാറിന്റെ വലിയ കാരുണ്യവും. എട്ട് മാസത്തെ ആശുപത്രി വാസത്തിന് ശേഷം ശനിയാഴ്ച മുസാഫിർ അലി നാട്ടിലേക്ക് തിരിക്കും. കെട്ടിട നിർമാണ ജോലിക്കിടെ നിലത്തുവീണ് പരിക്കേറ്റാണ് ഇയാൾ ആശുപത്രിയിലായത്. പരിക്ക് ഭേദമായെങ്കിലും ആശുപത്രി ബില്ലടയ്ക്കാത്തതിനാൽ ഡിസ്ചാർജ് കിട്ടാതെ കഴിയുകയായിരുന്നു. 

10 വർഷമായി റിയാദിൽ കെട്ടിട നിർമാണ ജോലി നടത്തിയിരുന്ന ഇയാൾ കെട്ടിത്തിന്റെ മുകളിൽ നിന്ന് താഴെ വീണ് ഗുരുതര പരിക്കേറ്റാണ് ആശുപത്രിയിലെത്തിയത്. തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ് രക്തത്തിൽ കുളിച്ച് കിടന്ന ഇയാളെ ആരോ എടുത്ത് ശുമൈസിയിലെ കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് മാസം അവിടെ കിടന്നു. ആരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയിൽ 200 കിലോമീറ്റര്‍ അകലെ സാജിർ ആശുപത്രിയിൽ കിടക്ക ഒഴിവായപ്പോൾ അങ്ങോട്ടേക്ക് മാറ്റുകയായിരുന്നു. ശുമൈസിയിൽ തിരക്കേറിയത് കൊണ്ടാണ് സാജിറിലേക്ക് മാറ്റിയത്.

ശരീരത്തിലെ പരിക്കുകൾ ഭേദപ്പെട്ടെങ്കിലും മനസിന്റെ സമനില തെറ്റിയ അവസ്ഥയിലായിരുന്നു പിന്നീട്. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് സംസാരിച്ചിരുന്നത്. ഇയാളെ കണ്ടെത്തി നാട്ടിലെത്തിക്കാൻ ബന്ധുക്കൾ സഹായം തേടിയതിനെ തുടർന്ന് ഇന്ത്യൻ എംബസി ദവാദ്മിയിലെ മലയാളി സാമൂഹിക പ്രവർത്തകൻ ഹുസൈൻ അലി വഴി നടത്തിയ അന്വേഷണത്തിലാണ് സാജിർ ആശുപത്രിയിൽ കണ്ടെത്തിയത്. അപകടമുണ്ടായതോ പരിക്കേറ്റതോ ഒന്നും നാട്ടിലുള്ള ഭാര്യയും മറ്റും അറിഞ്ഞിരുന്നില്ല. ഒരു വർഷം മുമ്പ് നാട്ടിൽ വന്ന് മടങ്ങിയ ശേഷം വിവരമില്ലാതായതോടെയാണ് ബന്ധുക്കൾ അന്വേഷിക്കാനിറങ്ങിയത്. 

ഹുസൈൻ അലി സാജിറിലെ ആശുപത്രിയിലെത്തി ഇയാളെ കാണുകയും നാട്ടിൽ അയക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തെങ്കിലും ഒന്നര ലക്ഷം റിയാലിന്റെറ ബില്ല് ആശുപത്രിയിൽ നിന്ന് വിടുതൽ കിട്ടാൻ തടസ്സമായി. ദിവസം 600 റിയാൽ എന്ന നിരക്കിലാണ് ഇത്രയും തുകയായത്. ഇതിന് പുറമെ തന്റെ കീഴിൽ നിന്ന് ഒളിച്ചോടിയെന്ന് കാണിച്ച് സ്പോൺസർ ജവാസാത്തിൽ പരാതിപ്പെട്ട് ‘ഹുറൂബാ’ക്കുക കൂടി ചെയ്തതോടെ കുരുക്ക് മുറുകി. സാമൂഹിക പ്രവർത്തകരുടെ നിരന്തര ശ്രമത്തിന്റെ ഫലമായി ആശുപത്രി അധികൃതർ ബില്ല് പൂർണമായും ഒഴിവാക്കാൻ തയാറായി. സൗദി പാസ്പോർട്ട് വിഭാഗം പിഴയും ഹുറൂബ് നിയമകുരുക്കും ഒഴിവാക്കി എക്സിറ്റ് വിസയും നൽകി. ഇതോടെ നാട്ടിലേക്ക് വഴി തുറന്നുകിട്ടി. 

ഇന്ത്യൻ എംബസി യാത്രാചെലവും നൽകിയതോടെ വിമാന ടിക്കറ്റുമായി. ശനിയാഴ്ച ഉച്ചക്ക് 3.45ന് എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലേക്ക് പോകും. അവിടെ നിന്ന് ലക്നൗവിലേക്കും പോകും. ഏറെക്കാലം ആശുപത്രിയിൽ അബോധാവസ്ഥയിലായിരുന്ന മുസാഫിർ അലി, മലയാളിയായ സ്റ്റാഫ് നഴ്സ് സൂസൻ എബ്രഹാമിന്റെ സ്നേഹപൂർവമായ പരിചരണത്തിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങി വന്നത്. കെ.എം.സി.സി ദവാദ്മി ഏരിയയിലെ പ്രവർത്തകൻ ബോബൻ ഡേവിഡും വേണ്ട സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു.

click me!