ഖത്തറില്‍ മലയാളി ദമ്പതികളുടെ രണ്ട് മക്കള്‍ മരിച്ചു; വിഷബാധയെന്ന് സംശയം

By Web TeamFirst Published Oct 19, 2019, 11:37 AM IST
Highlights

മലയാളി ദമ്പതികളുടെ രണ്ട് മക്കള്‍ ഖത്തറില്‍ മരിച്ചു. ഭക്ഷ്യ വിഷബാധയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും സമീപത്തെ വീട്ടില്‍ കീടനാശിനി തളിച്ചതില്‍ നിന്നുള്ള വിഷബാധയാണോയെന്നും വ്യക്തമല്ല. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.

ദോഹ: മലയാളി നഴ്‍സ് ദമ്പതികളുടെ രണ്ട് മക്കള്‍ ഖത്തറില്‍ മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശി ഹാരിസിന്റെയും നാദാപുരം സ്വദേശി ഷമീമയുടെയും മക്കളായ റിഹാന്‍ ഹാരിസ് (മൂന്നര), റിദാ ഹാരിസ് (എട്ട് മാസം) എന്നിവരാണ് മരിച്ചത്. അസ്വസ്ഥതകളെ തുടര്‍ന്ന് മാതാപിതാക്കളും ആശുപത്രിയില്‍ ചികിത്സയിലാണ്.

ഭക്ഷ്യ വിഷബാധയാണ് മരണകാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും സമീപത്തെ ഫ്ലാറ്റില്‍ കീടനാശിനി തളിച്ചതില്‍ നിന്നുള്ള വിഷബാധയാണോയെന്നും വ്യക്തമല്ല. ഛര്‍ദിയും ശ്വാസ തടസവും ഉള്‍പ്പെടെയുള്ള അസ്വസ്ഥതകളോടെ വെള്ളിയാഴ്ച രാവിലെയാണ് കുട്ടികളെ ഹമദ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുടുംബം വ്യഴാഴ്ച രാത്രി ഒരു റസ്റ്റോറന്റില്‍ നിന്ന് പാര്‍സലായി ഭക്ഷണം വാങ്ങി, വീട്ടില്‍ വെച്ച് കഴിച്ചിരുന്നു. ഈ ഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റതാവാമെന്ന സംശയത്താല്‍ വെള്ളിയാഴ്ച ഉച്ചയോടെ അധികൃതരെത്തി ഹോട്ടല്‍ പൂട്ടിച്ചിട്ടുണ്ട്.

എന്നാല്‍ ഇവരുടെ താമസ സ്ഥലത്തിന് തൊട്ടടുത്തുള്ള മറ്റൊരു ഫ്ലാറ്റില്‍ പ്രാണിശല്യം ഒഴിവാക്കാനായി കീടനാശിനി തളിച്ചിരുന്നതായും പറയപ്പെടുന്നു. ഈ വഴിക്കും അധികൃതര്‍ അന്വേഷണം നടത്തുന്നുണ്ട്. ഹാരിസ് പബ്ലിക് ഹെല്‍ത്ത് സെന്ററിലും ഷമീമ ദോഹയിലെ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലും നഴ്സായി ജോലി ചെയ്യുകയാണ്. കുട്ടികളുടെ മൃതദേഹം ഹമദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടികളുടെ മരണവിവരമറിഞ്ഞ് ഇവരുടെ ബന്ധുക്കള്‍ നാട്ടില്‍ നിന്ന് ഖത്തറിലേക്ക് തിരിച്ചിട്ടുണ്ട്. 

click me!