യുഎഇയില്‍ കുടുങ്ങിയവരില്‍ അര്‍ഹരായവര്‍ക്ക് സൗജന്യ മടക്കയാത്രാ ടിക്കറ്റ് നല്‍കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്

By Web TeamFirst Published Feb 16, 2021, 11:14 AM IST
Highlights

വിവിധ സാമൂഹിക സംഘടനകള്‍, അസോസിയേഷനുകള്‍ എന്നിവയുമായി സഹകരിച്ച് യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ നിലവില്‍ നാട്ടിലേക്ക് മടങ്ങുന്നതാണ് നല്ലതെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് കോണ്‍സുലേറ്റ് വക്താവ് പറഞ്ഞു. 

അബുദാബി: സൗദി അറേബ്യ, കുവൈത്ത് യാത്രാമധ്യേ അതിര്‍ത്തി അടച്ചത് മൂലം യുഎഇയില്‍ കുടുങ്ങിയവരില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സൗജന്യ ടിക്കറ്റ് നല്‍കുമെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ടിക്കറ്റെടുക്കാന്‍ പണമില്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് മാത്രമാണ് സൗജന്യ ടിക്കറ്റ് നല്‍കുക.

കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ നിലവില്‍ ഇന്ത്യക്കാര്‍ക്ക് ദുബൈ വഴിയോ അബുദാബി വഴിയോ സൗദി അറേബ്യയിലേക്കും കുവൈത്തിലേക്കും യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നും യുഎഇയില്‍ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രക്കാര്‍ നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നതാണ് നല്ലതെന്നും ഇന്ത്യന്‍ എംബസി കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. നിലവില്‍ യുഎഇയില്‍ കുടുങ്ങിയവര്‍ നാട്ടിലേക്ക് മടങ്ങിപ്പോയ ശേഷം സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തുമ്പോള്‍ യാത്ര തുടരുന്നതാണ് ഉചിതമെന്ന് എംബസി പ്രസ്താവനയില്‍ അറിയിച്ചു.

വിവിധ സാമൂഹിക സംഘടനകള്‍, അസോസിയേഷനുകള്‍ എന്നിവയുമായി സഹകരിച്ച് യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ നിലവില്‍ നാട്ടിലേക്ക് മടങ്ങുന്നതാണ് നല്ലതെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് കോണ്‍സുലേറ്റ് വക്താവ് പറഞ്ഞു. അതേസമയം സൗദി, കുവൈത്ത് യാത്രമധ്യേ ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ കുടുങ്ങിയ മലയാളികളില്‍ നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് വിമാന ടിക്കറ്റ് നിരക്ക് 330 ദിര്‍ഹമാക്കിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചിരുന്നു. 

click me!