
മനാമ: ബഹ്‌റൈനില്‍ ജോലിയും താമസസ്ഥലവും ഇല്ലാതെ ദുരിതത്തിലായ മലയാളിക്ക് തുണയായി ഇന്ത്യന്‍ എംബസിയും സാമൂഹിക പ്രവര്‍ത്തകരും. യാത്രാ വിലക്കും താമസിക്കാന്‍ ഇടവുമില്ലാതെ വന്നതോടെ മോശം കാലാവസ്ഥയിലും പാര്‍ക്കിലെ ബെഞ്ചില്‍ കഴിയേണ്ടി വന്ന മലയാളി ഒടുവില്‍ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
പ്രവാസ ജീവിതത്തിനിടെ സംഭവിച്ച ഒരു തെറ്റാണ് 53കാരനായ മധുവിനെ ദുരിതത്തിലാക്കിയത്. ഒരു അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിന്റെ വാച്ച്മാനായി ജോലി ചെയ്യുകയായിരുന്നു മധു. താമസക്കാരില്‍ നിന്ന് പിരിച്ച മൂന്നു മാസത്തെ വാടക ഉടമസ്ഥന്റെ പക്കല്‍ ഏല്‍പ്പിക്കാനാവാതെ വന്നതാണ് പ്രശ്‌നങ്ങളുടെ തുടക്കം. സാമൂഹിക പ്രവര്‍ത്തകനായ എം സി പവിത്രനില്‍ നിന്ന് മധുവിനെ കുറിച്ച് അറിഞ്ഞ വേള്‍ഡ് എന്‍ ആര്‍ ഐ കൗണ്‍സില്‍ അംഗവും പ്രവാസി ലീഗല്‍ സെല്‍ മിഡില്‍ ഈസ്റ്റ് റീജിയണ്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ഡയറക്ടറുമായ സുധീര്‍ തിരുനിലത്ത് മധുവുമായി സംസാരിച്ചു.
തനിക്ക് നഷ്ടമായ 8,250 ദിനാര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമസ്ഥന്‍ മധുവിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. പണം നല്‍കാത്തതിനാല്‍ മധുവിന് അധികൃതര്‍ യാത്രാ വിലക്കും ഏര്‍പ്പെടുത്തി. സമഹീജ് പൊലീസ് സ്റ്റേഷനില്‍ എത്തിയ മധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്നതോടെ പൊലീസ് മധുവിനെ വിട്ടയച്ചതായി സുധീര്‍ തിരുനിലത്തിനെ ഉദ്ധരിച്ച് 'ദി ഡെയ്‌ലി ട്രിബ്യൂണ്‍' റിപ്പോര്‍ട്ട് ചെയ്തു.
ജോലി നഷ്ടമായി, താമസസ്ഥലമില്ലാതെ പ്രയാസത്തിലായ മധുവിന് ഐസിആര്‍എഫിന്റെയും ചില സുഹൃത്തുക്കളുടെയും സഹായത്തോടെ സുധീര്‍ തിരുനിലത്ത് താല്‍ക്കാലിക താമസസ്ഥലം ഒരുക്കുകയും ഭക്ഷണം നല്‍കുകയും ചെയ്തു. വിഷയത്തില്‍ ഇന്ത്യന്‍ എംബസി ഇടപെട്ടതാണ് മധുവിന് തുണയായത്. ഇന്ത്യന്‍ എംബസി അധികൃതര്‍ അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമസ്ഥനുമായി സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതോടെ അയാള്‍ കേസ് പിന്‍വലിച്ചു. തുടര്‍ന്ന് മധുവിന് ഏര്‍പ്പെടുത്തിയ യാത്രാ വിലക്കും ഇന്ത്യന്‍ എംബസിയുടെ ഇടപെടലില്‍ ഒഴിവായി. നാട്ടിലേക്ക് മടങ്ങാനാഗ്രഹിച്ച മധുവിന് ഔട്ട്പാസും നല്‍കി. ഇന്ത്യന്‍ എംബസി നല്‍കിയ വിമാന ടിക്കറ്റില്‍ ബഹ്‌റൈനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ് മധു.
വിഷയത്തില്‍ ഇടപെട്ട് പരിഹാരം കണ്ട ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ, ഐസിആര്‍എഫ് ചെയര്‍മാന്‍ അരുള്‍ ദാസ്, ഐസിആര്‍എഫ് ടീം, എം സി പവിത്രന്‍ എന്നിവര്‍ക്ക് സുധീര്‍ തിരുനിലത്ത് നന്ദി അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam