
അബുദാബി: യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് പറക്കുന്ന യാത്രക്കാർക്കുള്ള നിർദേശങ്ങൾ അബുദാബിയിലെ ഇന്ത്യൻ എംബസി പുറത്തിറക്കി. യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റികളുടെ നിർദ്ദേശങ്ങളെത്തുടർന്ന്, വിമാനക്കമ്പനികൾ പുതുക്കിയതും വെട്ടിക്കുറച്ചതുമായ വിമാന ഷെഡ്യൂളുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇത് ഫോളോേ ചെയ്യണമെന്ന് എംബസി നിർദേശിച്ചു. അബുദാബി, ദുബായ്, റാസൽ ഖൈമ, ഷാർജ, ഫുജൈറ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് പരിമിതമായ വിമാനങ്ങൾ സർവീസ് നടത്തും. യാത്ര ചെയ്യുന്നതിന് മുമ്പ് യാത്രക്കാർ അതത് എയർലൈനുകളുമായി വിശദാംശങ്ങൾ പരിശോധിക്കാൻ എംബസി നിർദേശിച്ചു.
യുഎഇ വിമാനത്താവള അധികൃതരുടെ നിർദ്ദേശങ്ങൾ പാലിച്ച്, എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും 2026 മാർച്ച് 15-ലെ അഡ്-ഹോക്ക് പ്രവർത്തനങ്ങൾ വെട്ടിക്കുറച്ചിട്ടുണ്ട്. അബുദാബി, റാസൽ ഖൈമ, ഷാർജ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും റദ്ദാക്കിയിരിക്കുകയാണ്. ഡൽഹി-ദുബായ് സെക്ടറിൽ ഓരോ എയർലൈനും ഒരു റൗണ്ട്-ട്രിപ്പ് ഫ്ലൈറ്റ് മാത്രമേ സർവീസ് നടത്തൂ. വിമാനങ്ങൾ സ്ലോട്ട് ലഭ്യതയ്ക്കും നിലവിലുള്ള വ്യവസ്ഥകൾക്കും വിധേയമായി ആയിരിക്കും സർവീസ് നടത്തുക. റദ്ദാക്കിയ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അധിക നിരക്കില്ലാതെ മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റാം, അല്ലെങ്കിൽ ടിക്കറ്റ് തുക പൂർണ്ണമായും തിരികെ ലഭിക്കുന്നതിന് അപേക്ഷിക്കാം.അപ്രതീക്ഷിതമായ ഈ സാഹചര്യങ്ങൾ മൂലം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും ഖേദം പ്രകടിപ്പിച്ചു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ എത്രയും വേഗം സുരക്ഷിതമായി നാട്ടിലെത്തിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും എയർലൈനുകൾ അറിയിച്ചിട്ടുണ്ട്.
യാത്രാ ഷെഡ്യൂളുകളിലെ മാറ്റങ്ങൾ കണക്കിലെടുത്ത്, യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ബുക്കിംഗ് പോളിസികൾ എമിറേറ്റ്സ് (Emirates) പരിഷ്കരിച്ചു. വിമാനയാത്രക്കാർക്ക് അവരുടെ ഒറിജിനൽ യാത്രാ സമയത്തിന് 72 മണിക്കൂർ മുമ്പ് വരെ ഓൺലൈനായി ബുക്കിംഗുകളിൽ മാറ്റം വരുത്താനോ റീബുക്ക് ചെയ്യാനോ സാധിക്കും. വിമാനത്താവളങ്ങളിലെ തിരക്ക് ഒഴിവാക്കാനും യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാനും ഇത് സഹായിക്കുമെന്നാണ് എമിറേറ്റ്സ് വ്യക്തമാക്കുന്നത്. എമിറേറ്റ്സ് വെബ്സൈറ്റിലെ 'Manage Your Booking' എന്ന ലിങ്ക് വഴിയോ എമിറേറ്റ്സ് മൊബൈൽ ആപ്പ് വഴിയോ യാത്രക്കാർക്ക് പുതിയ തീയതികൾ തിരഞ്ഞെടുക്കാനും യാത്ര പ്ലാൻ ചെയ്യാനും സാധിക്കും. യാത്രയ്ക്ക് 72 മണിക്കൂറിൽ കൂടുതൽ സമയമുള്ളപ്പോൾ മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നവർ എമിറേറ്റ്സ് സപ്പോർട്ട് ടീമുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്. ഇതിനായി Emirates Support വെബ്സൈറ്റോ അല്ലെങ്കിൽ അവരുടെ സോഷ്യൽ മീഡിയയിലെ DM സൗകര്യമോ ഉപയോഗിക്കാം. നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ച് യാത്രക്കാർക്ക് തടസ്സങ്ങളില്ലാതെ യാത്ര ക്രമീകരിക്കാൻ സഹായിക്കുക എന്നതാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് എമിറേറ്റ്സ് വ്യക്തമാക്കി.
അതേസമയം മിസൈൽ ഭീഷണികളെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി നേരിട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഇതിനെത്തുടർന്ന് രാജ്യത്തുടനീളമുള്ള താമസക്കാർക്ക് അധികൃതർ മുൻകരുതൽ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
താമസക്കാർ സുരക്ഷിതമായ ഇടങ്ങളിൽ തുടരണമെന്നും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നിർദ്ദേശം നൽകിയി്ടുണ്ട്. ജനങ്ങളുടെ ജീവനും പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതരുമായി സഹകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥർ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ഗവൺമെന്റിന്റെ ഔദ്യോഗിക വാർത്താവിനിമയ ചാനലുകളെ മാത്രം ആശ്രയിക്കണമെന്നും താമസക്കാരോട് മന്ത്രാലയം അഭ്യർത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam