
റിയാദ്: സൗദിയിൽ ഇഖാമ കാലാവധി കഴിഞ്ഞതിനാൽ ഇന്ത്യൻ പാസ്പോർട്ട് പുതുക്കാനാകാതെ കഷ്ടപ്പെടുന്ന ഇന്ത്യൻ പ്രവാസികൾക്ക് അഞ്ച് വർഷം കാലാവധിയുള്ള താൽക്കാലിക പാസ്പോർട്ട് അനുവദിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇഖാമ കാലാവധി കഴിഞ്ഞ ഇന്ത്യൻ പ്രവാസികളെ പാസ്പോർട്ട് പുതുക്കാൻ പുറംകരാർ ഏജൻസിയായ വി.എഫ്.എസ് സെന്‍ററുകൾ അനുവദിക്കുന്നില്ല എന്ന വിഷയം ഉന്നയിച്ച് നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി ജനുവരി 19 ന് ഇന്ത്യൻ എംബസിക്ക് അയച്ച നിവേദനത്തിന് മറുപടിയായാണ് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി പ്രേം സെൽവാൾ ഇക്കാര്യം അറിയിച്ചത്.
ഇഖാമ കാലാവധി കഴിഞ്ഞവരുടെ അപേക്ഷയും സ്വീകരിക്കാൻ വി.എഫ്.എസ് സെന്ററുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും, അത്തരം പ്രവാസികൾ അവരുടെ സ്പോൺസറുടെയോ കമ്പനിയുടെയോ 'ഇഖാമ പിന്നീട് പുതുക്കികൊടുക്കാം' എന്ന് ഉറപ്പ് നൽകുന്ന ഒരു കത്ത് ഹാജരാക്കിയാൽ അഞ്ച് വർഷം കാലാവധിയുള്ള താൽക്കാലിക പാസ്പോർട്ട് അനുവദിക്കും. പിന്നീട് ഇഖാമ പുതുക്കിയാൽ ഇവർക്ക് 10 വർഷം കാലാവധിയുള്ള സാധാരണ പാസ്പോർട്ടിന് അപേക്ഷിക്കാമെന്നും എംബസി വ്യക്തമാക്കി. ഈ വിഷയം ഉന്നയിച്ചു നവയുഗം കേന്ദ്രകമ്മിറ്റി വിദേശകാര്യ മന്ത്രാലയത്തിനും നിവേദനം നൽകിയിരുന്നു. നവയുഗത്തിന്റെ അഭ്യർഥന മാനിച്ചു ബിനോയ് വിശ്വം എം.പിയും ഈ വിഷയം വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam