സൗദിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ എം സി ജേക്കബ് വിരമിച്ചു

By Web TeamFirst Published Jul 17, 2021, 1:55 PM IST
Highlights

റിയാദിലെ ഒരു ബ്രിട്ടീഷ് കമ്പനിയില്‍ ജോലിചെയ്തുകൊണ്ടായിരുന്നു തുടക്കം. 1989 സെപ്തംബറില്‍ ഇന്ത്യന്‍ എംബസിയിലെ പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് 1993ല്‍ ലേബര്‍ സെക്ഷനിലേക്ക് മാറുകയും 2001 വരെ അവിടെ ഉദ്യോഗം തുടരുകയും ചെയ്തു.

റിയാദ്: ഇന്ത്യന്‍ എംബസിയിലെ 32 വര്‍ഷത്തെ സേവനത്തിന് ശേഷം പത്തനംതിട്ട തിരുവല്ല സ്വദേശി എം.സി. ജേക്കബ് വിരമിച്ചു. ഇക്കഴിഞ്ഞ മെയ് 30നാണ് അദ്ദേഹം ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചത്. വിരമിക്കുമ്പോള്‍ അവധിക്കാലം പ്രമാണിച്ച് നാട്ടിലായിരുന്നു. 1989 ലാണ് ജേക്കബ് സൗദിയില്‍ പ്രവാസം ആരംഭിച്ചത്.

റിയാദിലെ ഒരു ബ്രിട്ടീഷ് കമ്പനിയില്‍ ജോലിചെയ്തുകൊണ്ടായിരുന്നു തുടക്കം. 1989 സെപ്തംബറില്‍ ഇന്ത്യന്‍ എംബസിയിലെ പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് 1993ല്‍ ലേബര്‍ സെക്ഷനിലേക്ക് മാറുകയും 2001 വരെ അവിടെ ഉദ്യോഗം തുടരുകയും ചെയ്തു. 2001ല്‍ വീണ്ടും പാസ്‌പോര്‍ട്ട് സെക്ഷനിലേക്കു മാറ്റം ലഭിക്കുകയും 2010 ല്‍ തല്‍മീസ് അഹമ്മദ് അംബാസഡറായിരിക്കുമ്പോള്‍ പുതുതായി സ്ഥാപിച്ച സാമൂഹികക്ഷേമ വിഭാഗത്തിലേക്ക് മാറ്റി. അന്നുമുതല്‍ സാമൂഹിക ക്ഷേമ വിഭാഗത്തില്‍ പ്രവൃത്തിച്ചു വരികയായിരുന്നു. പ്രവാസികള്‍ മരിക്കുമ്പോള്‍ അനന്തരാവകാശികള്‍ക്ക് തൊഴിലുടമയില്‍ നിന്നും മറ്റും ലഭിക്കുന്ന ശമ്പളകുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും കൈകാര്യം ചെയ്യുന്ന വകുപ്പിലായിരുന്നു സേവനം.

അവിടെ നിന്നാണ് 32 വര്‍ഷത്തെ സേവനത്തിന്ന് ശേഷം വിരമിക്കുന്നത്. ഹൈദരാബാദുകാരനായ ഇഷ്‌റത്ത് അസീസ് അംബാസഡറായിരിക്കുമ്പോഴാണ് ജോലിയില്‍ പ്രവേശിച്ചത്. ശേഷം ഒമ്പത് അംബാസഡര്‍മാരുടെ കീഴില്‍ ജോലിചെയ്തു. അംബാസഡര്‍മാരായിരുന്ന മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, തല്‍മീസ് അഹമ്മദ്, എം.ഒ.എച്ച് ഫാറൂഖ് എന്നിവരുടെ കീഴില്‍ ജോലി ചെയ്യാനായത് സൗഭാഗ്യമായി കരുതുന്നതായി എം.സി. ജേക്കബ് പറയുന്നു. കിങ് സഊദ് മെഡിക്കല്‍ സിറ്റിയില്‍ സ്റ്റാഫ് നഴ്‌സായ കൊച്ചുമോളാണ് ഭാര്യ. മൂന്ന് മക്കള്‍. മുത്ത മകന്‍ വിവാഹിതനാണ്. ആസ്‌ത്രേലിയയില്‍ ഗവേഷണ വിദ്യാര്‍ഥിയാണ്. രണ്ടാമത്തെ മകള്‍ ബംഗളുരുവില്‍ പഠിക്കുന്നു. ഇളയമകള്‍ കോതമംഗലത്ത് ബി.ടെക് വിദ്യാര്‍ഥി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!