ആവശ്യക്കാര്‍ക്ക് വ്യാജ പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി; പ്രവാസി ഇന്ത്യക്കാരന്‍ കുവൈത്തില്‍ അറസ്റ്റില്‍

By Web TeamFirst Published Feb 14, 2021, 10:21 PM IST
Highlights

പരിശോധനയ്ക്ക് എത്താതെയും സ്രവം ശേഖരിക്കാതെയുമാണ് ഇയാള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നത്. ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിച്ച ഭൂരിഭാഗം ആളുകളും നിലവില്‍ രാജ്യത്തിന് പുറത്താണ്.

കുവൈത്ത് സിറ്റി: ആവശ്യക്കാര്‍ക്ക് വ്യാജ കൊവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഇന്ത്യന്‍ ലാബ് ടെക്‌നീഷ്യന്‍ കുവൈത്തില്‍ അറസ്റ്റില്‍. ഫര്‍വാനിയയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന 51കാരനായ ഇയാള്‍ പരിശോധന പോലും നടത്താതെയാണ് കൊവിഡ് മുക്തമാണെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. 

30 കുവൈത്തി ദിനാര്‍ വീതം ഈടാക്കിയാണ് വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നത്. ഇതില്‍ ഓരോ സര്‍ട്ടിഫിക്കറ്റിനും ആറ് ദിനാര്‍ വീതം പിടിയിലായ ഇന്ത്യക്കാരന് കമ്മീഷനായി ലഭിക്കും. 24 ദിനാര്‍ ഇയാള്‍ ജോലി ചെയ്തിരുന്ന സ്വകാര്യ ക്ലിനിക്കിനാണ്. പരിശോധനയ്ക്ക് എത്താതെയും സ്രവം ശേഖരിക്കാതെയുമാണ് ഇയാള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നത്. ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിച്ച ഭൂരിഭാഗം ആളുകളും നിലവില്‍ രാജ്യത്തിന് പുറത്താണ്. മടങ്ങി വന്നാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കും. ഇത്തരത്തില്‍ 60 വ്യാജ പിസിആര്‍ ടെസ്റ്റുകള്‍ നടത്തിയെന്ന് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. അറസ്റ്റിലായ ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇയാള്‍ ജോലി ചെയ്തിരുന്ന സ്വകാര്യ ക്ലിനിക് പൂട്ടിച്ചു. 

click me!