വാക്കുതര്‍ക്കത്തിനിടെ ഗര്‍ഭിണിയായ ഭാര്യയെ മര്‍ദ്ദിച്ചു; യുവാവ് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

By Web TeamFirst Published Feb 14, 2021, 9:29 PM IST
Highlights

ഗര്‍ഭിണിയായ തനിക്ക് മര്‍ദ്ദനമേറ്റെന്നും വയറ്റിലുള്ള കുഞ്ഞ് നഷ്ടപ്പെടുമോയെന്ന് പോലും ഭയന്നതായും യുവതി കോടതിയെ അറിയിച്ചു.

അബുദാബി: യുഎഇയില്‍ വാക്കുതര്‍ക്കത്തിനിടെ ഗര്‍ഭിണിയായ ഭാര്യയെ മര്‍ദ്ദിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഭര്‍ത്താവ് 15,000 ദിര്‍ഹം(രണ്ട് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് ശരിവെച്ച് മേല്‍ക്കോടതി. യുവതിക്കുണ്ടായ ശാരീരിക, മാനസിക ഹാനിക്ക് കാരണക്കാരനായ ഭര്‍ത്താവ് നഷ്ടപരിഹാരം നല്‍കണമെന്ന് കീഴ്‌ക്കോടതി ഉത്തരവിട്ടിരുന്നു. ഇതാണ് അല്‍ ദഫ്ര സിവില്‍ അപ്പീല്‍സ് കോടതി ശരിവെച്ചത്.

വാക്കുതര്‍ക്കത്തിനിടെ ഭര്‍ത്താവ് തന്നെ ആക്രമിച്ചെന്നാണ് ഭാര്യ നല്‍കിയ പരാതി. ഗര്‍ഭിണിയായ തനിക്ക് മര്‍ദ്ദനമേറ്റെന്നും വയറ്റിലുള്ള കുഞ്ഞ് നഷ്ടപ്പെടുമോയെന്ന് പോലും ഭയന്നതായും യുവതി കോടതിയെ അറിയിച്ചു. എന്നാല്‍ ചികിത്സയില്‍ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തിയ പ്രോസിക്യൂട്ടര്‍മാര്‍ ഭാര്യയെ ആക്രമിച്ചതിന് യുവാവിനെതിരെ കുറ്റം ചുമത്തിയിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തി ഇയാള്‍ക്ക് ശിക്ഷയും വിധിച്ചു. ഇതിന് പിന്നാലെയാണ് 50,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിക്കാരിയായ ഭാര്യ കോടതിയെ സമീപിച്ചത്. 

click me!