
കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹിക തൊഴിലാളികളെ കുറഞ്ഞ ചെലവിൽ എത്തിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് നിരവധി പൗരന്മാരിൽ നിന്ന് പണം തട്ടിയെടുത്തെന്ന കേസിൽ ഇന്ത്യൻ പ്രവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. അൽ ഫൈഹ അന്വേഷണ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ നേരത്തെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
ഗാർഹിക തൊഴിലാളികളെ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ കുവൈത്ത് പൗരന്മാരെ സമീപിച്ചിരുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. തൊഴിലാളികളെ എത്തിക്കുന്നതിനായി മുൻകൂറായി പണം കൈപ്പറ്റിയ ശേഷം വാഗ്ദാനം പാലിക്കാതെ ഇയാൾ മുങ്ങുകയായിരുന്നു എന്നാണ് പരാതി. നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ച അൽ ഫൈഹ അന്വേഷണ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃ-തർക്ക് കൈമാറി. തട്ടിപ്പിന് ഇരയായവരുടെ കൃത്യമായ എണ്ണമോ പ്രതി കൈക്കലാക്കിയ ആകെ തുകയോ അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ട് ഒളിവിൽ കഴിയുന്നവരെ പിടികൂടുന്നതിനായി കുവൈത്ത് സുരക്ഷാ വിഭാഗങ്ങൾ നടത്തുന്ന നടപടികളുടെ ഭാഗമായാണ് അറസ്റ്റ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam