
ദുബായ്: ശ്രീലങ്കയില്‍ കാണാതായ ഇന്ത്യക്കാരന്‍ സ്ഫോടനത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ അറിയിച്ചു. ദുബായില്‍ ജോലി ചെയ്തിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി ജൂണോ ശ്രീവാസ്തവയാണ് ഈസ്റ്റര്‍ ദിനത്തിലെ സ്ഫോടനത്തില്‍ മരിച്ചത്. ഇക്കാര്യം ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഔദ്യോഗികമായി അറിയിച്ചുവെന്ന് ദുബായ് കോണ്‍സുലേറ്റ് വ്യക്തമാക്കി.
ദുബായ് അല്‍ ഫുത്തൈം ഗ്രൂപ്പില്‍ ഐ.ടി വിഭാഗം ജനറല്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു ജൂണോ ശ്രിവാസ്തവ. കൊളംബോയിലെ സിനമന്‍ ഹോട്ടലിലെ സ്ഫോടനത്തിലാണ് അദ്ദേഹത്തിന് ജീവന്‍ നഷ്ടമായത്. സഹോദരന്‍ ജുഗ്നുവും ഭാര്യ രചനയും കൊളംബോയിലെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ജൂണോയുടെ രണ്ട് മക്കളും ദുബായിലാണ് പഠിക്കുന്നത്. നേരത്തെ ഈജിപ്തില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം 2011ലാണ് ദുബായിലെത്തിയത്. 2013 മുതല്‍ അല്‍ ഫുത്തൈം ഗ്രൂപ്പിലായിരുന്നു.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായാണ് ബ്രിട്ടീഷ് പൗരയായ സഹപ്രവര്‍ത്തകയ്ക്കൊപ്പം ഏപ്രില്‍ 20ന് ജൂണോ കൊളംബോയിലെത്തിയത്. ഇരുവരും സിനമന്‍ ഹോട്ടലിലായിരുന്നു തങ്ങിയിരുന്നത്. സഹപ്രവര്‍ത്തകയുടെ മരണം നേരത്തെ തന്നെ സ്ഥിരീകരിച്ചു. ജൂണോയെ കണ്ടെത്താന്‍ സുഹൃത്തുകളും സഹപ്രവര്‍ത്തരും സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam