യുഎഇയിൽ ഇന്ത്യൻ പൗരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

By Web TeamFirst Published Feb 11, 2020, 8:49 AM IST
Highlights

ഇന്ത്യൻ പൗരന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ പൗരന് യുഎഇയിൽ കൊറോണ ബാധിച്ചതായി കണ്ടെത്തുന്നത്. 

അബുദാബി: യുഎഇയിൽ ഇന്ത്യൻ പൗരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തേ കൊറോണ വൈറസ് ബാധിച്ചയാളുമായി അടുത്തിടപഴകിയ വ്യക്തിക്കാണ് ഇപ്പോൾ കൊറോണ സ്ഥിരീകരിച്ചത്. ഇന്ത്യൻ പൗരന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ പൗരന് യുഎഇയിൽ കൊറോണ ബാധിച്ചതായി കണ്ടെത്തുന്നത്. ഇതോടെ യുഎഇയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം എട്ടായി.

അതേസമയം, കൊറോണ ബാധയെ തുടര്‍ന്ന് യുഎഇയില്‍ ചികിത്സയിലായിരുന്ന 73കാരി സുഖം പ്രാപിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇവര്‍ ചൈനയിലെ വുഹാനില്‍ നിന്ന് യുഎഇയില്‍ എത്തിയതാണ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഇവരുടെ ശരീരത്തിലെ വൈറസ് സാന്നിദ്ധ്യം നെഗറ്റീവാണ്. രോഗി പൂര്‍ണമായും സുഖം പ്രാപിച്ചതായും തുടര്‍ന്ന് സാധാരണ ജീവിതം നയിക്കാനാവുമെന്നും ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

യുഎഇ ആരോഗ്യ മന്ത്രാലയം ഹെല്‍ത്ത് സെന്റര്‍ ആന്റ് ക്ലിനിക്ക് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഹുസൈന്‍ അല്‍ റാന്‍ഡ്, യുഎഇയിലെ ചൈനീസ് കോണ്‍സുല്‍ ജനറല്‍ ലി സുഹാങ് എന്നിവര്‍ രോഗിയെ സന്ദര്‍ശിച്ചു. ഒരാള്‍ സുഖം പ്രാപിച്ചത് ഏറെ ആത്മവിശ്വാസം നല്‍കുന്നുവെന്നും ഇപ്പോള്‍ യുഎഇയില്‍ ചികിത്സയിലുള്ള എല്ലാവരും ഉടന്‍ തന്നെ രോഗത്തെ അതിജീവിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 

ഇതിനിടെ, ചൈനയിൽ കൊറോണ ബാധയെ തുടര്‍ന്ന് മരണം ആയിരം കടന്നു. ചൈനയ്ക്ക് പുറമെ ഇന്നലെ ഹോംങ്കോങിലും ഫിലിപ്പൈൻസിലും ഓരോ മരണം റിപ്പോർട്ട് ചെയ്തു. ചൈനയിൽ ആകെ 1011 പേരാണ് ഇതുവരെ മരിച്ചത്. ഇന്നലെ മാത്രം 103 പേരാണ് ചൈനയിൽ മരിച്ചത്. കൊറോണ ബാധിച്ചവരുടെ എണ്ണം ചൈനയിൽ 42300 ആയി. 400 പേർക്ക് മറ്റ് രാജ്യങ്ങളിലും രോഗം ബാധിച്ചിട്ടുണ്ട്. 

Also Read: കൊറോണയില്‍ ആശങ്ക തുടരുന്നു: ചൈനയിൽ മരണം ആയിരം കടന്നു, ഇന്നലെ മാത്രം മരിച്ചത് 103 പേര്‍

click me!