വുഹാന്‍: കൊറോണ ബാധയെ തുടര്‍ന്ന് ചൈനയിൽ മരണം ആയിരം കടന്നു. ചൈനയ്ക്ക് പുറമെ ഇന്നലെ ഹോംങ്കോങിലും ഫിലിപ്പൈൻസിലും ഓരോ മരണം റിപ്പോർട്ട് ചെയ്തു. ചൈനയിൽ ആകെ 1011 പേരാണ് ഇതുവരെ മരിച്ചത്. ഇന്നലെ മാത്രം 103 പേരാണ് ചൈനയിൽ മരിച്ചത്. കൊറോണ ബാധിച്ചവരുടെ എണ്ണം ചൈനയിൽ 42300 ആയി. 400 പേർക്ക് മറ്റ് രാജ്യങ്ങളിലും രോഗം ബാധിച്ചിട്ടുണ്ട്. ആത്മവിശ്വാസം കൈവിടരുതെന്ന് ജനങ്ങളോട് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ആഹ്വാനം ചെയ്തു. തലസ്ഥാന നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ നേരിട്ട് എത്തി ചൈനീസ് പ്രസിഡന്‍റ് ആരോഗ്യ പ്രവർത്തകരുമായി സംവദിച്ചു. രോഗഭീതി ആഗോള വിപണിയിൽ എണ്ണ, ഊർജ മേഖലകളിൽ വലിയ തിരിച്ചടിയുണ്ടാകുന്നതായാണ് റിപ്പോർട്ട്. 

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് യുഎഇയില്‍ ചികിത്സയിലായിരുന്ന 73കാരി സുഖം പ്രാപിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇവര്‍ ചൈനയിലെ വുഹാനില്‍ നിന്ന് യുഎഇയില്‍ എത്തിയതാണ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഇവരുടെ വൈറസ് ശരീരത്തിലെ വൈറസ് സാന്നിദ്ധ്യം നെഗറ്റീവാണ്. രോഗി പൂര്‍ണമായും സുഖം പ്രാപിച്ചതായും തുടര്‍ന്ന് സാധാരണ ജീവിതം നയിക്കാനാവുമെന്നും ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.