യുഎഇയില്‍ മലയാളി യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്ന കേസില്‍ വിചാരണ തുടങ്ങി

By Web TeamFirst Published Feb 15, 2020, 11:35 AM IST
Highlights

കൊല്ലം തിരുമുല്ലവാരം സ്വദേശി സി വിദ്യാ ചന്ദ്രനാണ് (40) ദുബായ് അല്‍ ഖൂസിലെ കമ്പനി ഓഫീസിന്റെ പാര്‍ക്കിങ് സ്ഥലത്തുവെച്ച് കൊല്ലപ്പെട്ടത്. കൊല നടത്തിയ ഭര്‍ത്താവ്, തിരുവനന്തപുരം സ്വദേശി യുഗേഷ് (43) പൊലീസിന്റെ പിടിയിലായി. വിസിറ്റ് വിസയിലാണ് ഇയാള്‍ യുഎഇയിലെത്തിയത്. 

ദുബായ്: മലയാളി യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്ന കേസില്‍ ദുബായ് പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും തന്നെ ചതിക്കുകയാണെന്ന് സംശയിച്ചതിനാലുമാണ് കൊലപാതകം നടത്തിയതെന്ന് ഭര്‍ത്താവ് മൊഴി നല്‍കി. കഴിഞ്ഞ വര്‍ഷം സെപ്‍തംബര്‍ ഒന്‍പതിനായിരുന്നു കൊലപാതകം.

കൊല്ലം തിരുമുല്ലവാരം സ്വദേശി സി വിദ്യാ ചന്ദ്രനാണ് (40) ദുബായ് അല്‍ ഖൂസിലെ കമ്പനി ഓഫീസിന്റെ പാര്‍ക്കിങ് സ്ഥലത്തുവെച്ച് കൊല്ലപ്പെട്ടത്. കൊല നടത്തിയ ഭര്‍ത്താവ്, തിരുവനന്തപുരം സ്വദേശി യുഗേഷ് (43) പൊലീസിന്റെ പിടിയിലായി. വിസിറ്റ് വിസയിലാണ് ഇയാള്‍ യുഎഇയിലെത്തിയത്. വിദ്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നത് സംബന്ധിച്ച് തനിക്ക് ഭാര്യ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മാനേജറുടെ എസ്.എം.എസ് ലഭിച്ചിരുന്നതായി ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഓണം ആഘോഷിക്കാനായി വിദ്യ നാട്ടിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു കൊലപാതകം നടന്നത്. സംഭവദിവസം രാവിലെ വിദ്യയുടെ ഓഫീസിലെത്തിയ യുഗേഷ് വിദ്യയെ പാര്‍ക്കിങ് സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോവുകയായിരുന്നു. അതിനുമുന്‍പ് ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് തനിക്ക് എസ്.എം.എസ് അയച്ചത് എന്തിനാണെന്ന് യുഗേഷ് മാനേജറോട് അന്വേഷിക്കുകയും ചെയ്തു. പിന്നീട് പാര്‍ക്കിങ് സ്ഥലത്തുവെച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. മാനേജറുടെ മുന്നില്‍വെച്ച് തന്നെ അപമാനിച്ചുവെന്ന് ആരോപിച്ച വിദ്യ, ഭര്‍ത്താവിന്റെ സ്വഭാവത്തെ കുറ്റപ്പെടുത്തുകയും ചെയ്തു. തര്‍ക്കം മൂത്തതോടെ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുവെച്ചിരുന്ന കത്തിയെടുത്ത് യുഗേഷ് വിദ്യയെ കുത്തി. വയറിലും ഇടത് തുടയിലും കുത്തേറ്റ വിദ്യ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.

കൊലപാതകത്തിന് ശേഷം യുഗേഷ് ഇവിടെ നിന്ന് കടന്നുകളഞ്ഞു. ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ വിദ്യ, ഏറെനേരം കഴിഞ്ഞും തിരികെയെത്താത്തതിനാല്‍ ഇന്ത്യക്കാരനായ മാനേജര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ വിദ്യയെ അന്വേഷിക്കാന്‍ ഓഫീസിലെ ഡ്രൈവറെ പറഞ്ഞയക്കുകയായിരുന്നു. മാനേജറാണ് പാര്‍ക്കിങ് സ്ഥലത്ത് കാറുകള്‍ക്കിടയില്‍ വിദ്യയുടെ മൃതദേഹം കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ഡ്രൈവര്‍ മാനേജറെ വിളിച്ച് വിവരമറിയിച്ചു. താന്‍ സ്ഥലത്തെത്തുമ്പോള്‍ വിദ്യ കുത്തേറ്റ് മരിച്ചുകിടക്കുകയായിരുന്നുവെന്ന് മനേജര്‍ മൊഴി നല്‍കിയിട്ടുണ്ട്. കുത്താന്‍ ഉപയോഗിച്ച കത്തി മൃതദേഹത്തിന് സമീപത്തുനിന്നുതന്നെ പൊലീസിന് ലഭിച്ചു.

സംഭവത്തിന് ഒരുമാസം മുമ്പാണ് യുഗേഷ് യുഎഇയിലെത്തിയതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു. കൊലപാതകത്തിന് ശേഷം ഇയാള്‍ മെട്രോയില്‍ കയറി ജബല്‍ അലിയിലേക്ക് പോയി. ഇതിനിടെ കൊലപാതക സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടാനായി എല്ലാ എമിറേറ്റുകളിലും തെരച്ചില്‍ തുടങ്ങി. ജബല്‍ അലിയില്‍ ഒരു ബാഗുമായി  നടന്നുപോകുന്നതിനിടെ ഇയാളെ പൊലീസ് പട്രോള്‍ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊലപാതകത്തിന് ഒരു വര്‍ഷം മുമ്പാണ് അല്‍ഖൂസിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ഫിനാന്‍സ് വിഭാഗത്തില്‍ ജോലി ലഭിച്ച് വിദ്യ, യുഎഇയിലെത്തിയത്. പത്തും പതിനൊന്നും വയസായ പെണ്‍മക്കള്‍ നാട്ടില്‍ വിദ്യയുടെ മാതാപിതാക്കളോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ഒപ്പം ജോലി ചെയ്തിരുന്ന മറ്റൊരു സ്ത്രീയ്ക്കൊപ്പം മുസഫയിലായിരുന്നു വിദ്യ താമസിച്ചിരുന്നത്. കേസില്‍ മാര്‍ച്ച് രണ്ടിന് വിചാരണ തുടരും. 

click me!