
റിയാദ്: സൗദി അറേബ്യയിൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ഇരു കൈകാലുകളും നഷ്ടമായ ഉത്തരേന്ത്യൻ സ്വദേശിയായ യുവാവ് മലയാളി സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ ലഭിച്ച നഷ്ടപരിഹാരവുമായി നാട്ടിലേക്ക് തിരിച്ചു. ഉനൈസയിലെ സ്വകാര്യ മെയിന്റനൻസ് കമ്പനിയിൽ ജോലി ചെയ്യവെ 2019 ഡിസംബറിലുണ്ടായ അപകടത്തിൽ ദാരുണമായി പരിക്കേറ്റ യു.പി, മുസഫർ നഗർ സ്വദേശി രേണു കുമാറിനാണ് (24) സാമൂഹിക പ്രവർത്തകർ താങ്ങായത്.
ഇലക്ട്രീഷ്യന്റെ സഹായിയായി ആദ്യമായി സൗദി അറേബ്യയിലെത്തി രണ്ടുമാസം പിന്നിടുമ്പോഴാണ് രേണുകുമാറിന്റെ ജീവിതം താറുമാറാക്കിയ അപകടമുണ്ടായത്. സഹജീവനക്കാരന്റെ സന്ദേശം തെറ്റായി മനസിലാക്കി വൈദ്യുതി പ്രവാഹമുള്ള യന്ത്രത്തിൽ സ്‍പർശിച്ചതാണ് അപകടകാരണം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈദ്യുതാഘാതത്താൽ കരിഞ്ഞു സാരമായി പരിക്കേറ്റ കൈകാലുകൾ മുറിച്ചു നീക്കുകയല്ലാതെ മാർഗമുണ്ടായിരുന്നില്ല.
ഒരു കൊല്ലത്തോളം നീണ്ട ചികിത്സക്കുശേഷം വിധിയിൽ ആശ്വസിച്ച് നാട്ടിലേക്ക് മടങ്ങാൻ തയാറെടുത്തെങ്കിലും ഇൻഷുറൻസ് കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ കാര്യങ്ങൾ വീണ്ടും അവതാളത്തിലാക്കി. അബ്ശിർ പോലുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ബാങ്കുരേഖകൾ ശരിപ്പെടുത്താനും വിരൽ മുദ്ര ഇല്ലാതെ വന്നതാണ് പ്രശ്നമായത്.
Read also: സൗദി അറേബ്യയിൽ ഉംറ സംഘത്തിന്റെ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് മരണം
ഈ ഘട്ടത്തിലാണ് രേണുകുമാർ നേരിടുന്ന പ്രതിസന്ധി ഖസീം പ്രവാസി സംഘത്തിന്റെ ശ്രദ്ധയിൽപെടുന്നത്. സംഘം ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലിക ബുറൈദയിലെ സാമൂഹിക പ്രവർത്തകൻ സലാം പറാട്ടിയുമായി ചേർന്ന് ഇൻഷുറൻസ് കമ്പനി, റിയാദ് ഇന്ത്യൻ എംബസി, നാട്ടിലെ ബാങ്ക് അധികൃതർ തുടങ്ങിയവരുമായി പലതവണ ബന്ധപ്പെട്ടു.
ഇൻഷുറൻസ് കമ്പനി സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നഷ്ടപരിഹാര വിഷയം അനന്തമായി നീട്ടിക്കൊണ്ടുപോയപ്പോൾ നൈസാമും സലാമും ചേർന്ന് രേണുവിനെ വീൽ ചെയറിലിരുത്തി ഉനൈസ അമീറിന് മുന്നിലെത്തി സഹായം തേടുകയായിരുന്നു. തന്റെ ഓഫീസിൽനിന്ന് അടിയന്തര സാമ്പത്തിക സഹായം അനുവദിച്ച അമീർ വിഷയത്തിൽ ശക്തമായി ഇടപെട്ടതോടെയാണ് പ്രതിസന്ധി നീങ്ങിയത്.
ഇതോടെ വഴങ്ങിയ ഇൻഷുറൻസ് കമ്പനി കഴിഞ്ഞദിവസം കൈമാറിയ 22 ലക്ഷം രൂപ രേണുകുമാറിന്റെ നാട്ടിലെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. കഴിഞ്ഞ ദിവസം യുവാവിന്റെ താമസസ്ഥലത്തെത്തിയ സാമൂഹിക പ്രവർത്തകർ യാത്രാ രേഖകൾ കൈമാറി.
Read also: സൗദി അറേബ്യയില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ച് രണ്ട് മരണം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ