യുഎഇയില്‍ ഇന്ത്യക്കാരന് 28 കോടി സമ്മാനം; വിവരമറിയിക്കാനാവാതെ അധികൃതര്‍

By Web TeamFirst Published May 4, 2019, 11:15 AM IST
Highlights

വെള്ളിയാഴ്ച രാത്രി നടന്ന ബിഗ് ടിക്കറ്റ് 203 -ാം നറുക്കെടുപ്പിലാണ് 030510 നമ്പര്‍ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചത്. ഏപ്രില്‍ ഒന്നിനായിരുന്നു ഷോജിത്ത് ഈ ടിക്കറ്റ് വാങ്ങിയത്. നറുക്കെടുപ്പ് നടന്ന വേദിയില്‍ വെച്ചുതന്നെ അധികൃതര്‍ പലതവണ ഷോജിത്തിനെ വിവരമറിയിക്കാനായി വിളിച്ചിരുന്നു. 

അബുദാബി: യുഎഇയിലെ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാര്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടുന്നത് പുതുമയുള്ള കാര്യമല്ല. ഏറ്റവുമൊടുവില്‍ വെള്ളിയാഴ്ച നറുക്കെടുത്ത അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹത്തിന്റെ (ഏകദേശം 28 കോടിയിലധികം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം ലഭിച്ചതും മറ്റൊരു ഇന്ത്യന്‍ പ്രവാസിക്ക് തന്നെ. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ഷോജിത്ത് കെ.എസ് ആണ് ഒറ്റദിവസം കൊണ്ട് കോടീശ്വരനായത്. എന്നാല്‍ ഇക്കാര്യം അദ്ദേഹത്തെ അറിയിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

വെള്ളിയാഴ്ച രാത്രി നടന്ന ബിഗ് ടിക്കറ്റ് 203 -ാം നറുക്കെടുപ്പിലാണ് 030510 നമ്പര്‍ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചത്. ഏപ്രില്‍ ഒന്നിനായിരുന്നു ഷോജിത്ത് ഈ ടിക്കറ്റ് വാങ്ങിയത്. നറുക്കെടുപ്പ് നടന്ന വേദിയില്‍ വെച്ചുതന്നെ അധികൃതര്‍ പലതവണ ഷോജിത്തിനെ വിവരമറിയിക്കാനായി വിളിച്ചിരുന്നു. എന്നാല്‍ ഫോണില്‍ ലഭിച്ചില്ല. നറുക്കെടുപ്പ് യുട്യൂബില്‍ ലൈവായി സംപ്രേക്ഷണം ചെയ്തിരുന്നു.

ഫോണ്‍ കിട്ടിയില്ലെങ്കില്‍ പിന്നെയും വിളിച്ചുകൊണ്ടിരിക്കുമെന്നും എന്നിട്ടും കിട്ടിയില്ലെങ്കില്‍ നേരിട്ട് ഞങ്ങള്‍ വീട്ടിലേക്ക് ചെല്ലുമെന്നും നറുക്കെടുപ്പ് നടത്തിയ റിച്ചാര്‍ഡ് പറഞ്ഞു. ഞങ്ങള്‍ക്കറിയാം ഷാര്‍ജയില്‍ അദ്ദേഹം എവിടെയാണ് താമസിക്കുന്നതെന്ന്-റിച്ചാര്‍ഡ് പറഞ്ഞു. നറുക്കെടുപ്പില്‍ ബിഎംഡബ്ല്യൂ 220i കാര്‍ ലഭിച്ചതും മറ്റൊരു ഇന്ത്യക്കാരന് തന്നെയായിരുന്നു. എട്ട് ഇന്ത്യക്കാര്‍ക്കും ഒരു പാകിസ്ഥാന് പൗരനും സമ്മാനങ്ങള്‍ ലഭിച്ചു.

സൂസമ്മ വെളുത്തേടത്ത് പറമ്പില്‍ ജോണ്‍ (100,000 ദിര്‍ഹം), ബിന്ദു ലാലി (90,000 ദിര്‍ഹം), റോഷിമ വിനോദ് കുമാര്‍ (70,000 ദിര്‍ഹം), നെല്ലിശേരി വറീത് ജോയ് (50,000 ദിര്‍ഹം) ദിര്‍ഷാദ് റഹീം (30,000 ദിര്‍ഹം), ഹരീഷ് കുഞ്ഞിത്താന്‍ മാളിയേക്കല്‍ ഉമ്മര്‍ (20,000 ദിര്‍ഹം), മേറാഷ് മൂക്കോലിയില്‍ (10,000 ദിര്‍ഹം), റിജോ ജോസഫ് (10,000 ദിര്‍ഹം) എന്നിവരാണ് മറ്റ് സമ്മാനങ്ങള്‍ ലഭിച്ച ഇന്ത്യക്കാര്‍.

click me!