യുഎഇയിൽ ദീർഘകാല വിസയ്ക്കുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി

By Web TeamFirst Published May 4, 2019, 10:17 AM IST
Highlights

നിക്ഷേപകർ, സ്വയം സംരംഭകർ, നവീന ആശയം കൊണ്ടുവരുന്നവർ, ഡോക്ടർ, ഗവേഷകർ, ശാസ്ത്രജ്ഞർ തുടങ്ങി വ്യത്യസ്ത മേഖലകളിലെ അതിവിദഗ്ധർ, ഉന്നതനിലവാരം പുലർത്തുന്ന വിദ്യാർഥികൾ എന്നിവർക്കാണ് സ്പോൺസറില്ലാതെ ദീർഘകാല വീസ ലഭിക്കുക. 

അബുദാബി: യുഎഇയിൽ ദീർഘകാല വിസയ്ക്കുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്കും സംരംഭകർക്കും പഠനത്തിൽ മികവു പുലർത്തുന്ന വിദ്യാർഥികൾക്കും അഞ്ച് വർഷത്തെ വിസ നല്‍കുമെന്ന് താമസ-കുടിയേറ്റ വകുപ്പ് അറിയിച്ചു.

നിക്ഷേപകർ, സ്വയം സംരംഭകർ, നവീന ആശയം കൊണ്ടുവരുന്നവർ, ഡോക്ടർ, ഗവേഷകർ, ശാസ്ത്രജ്ഞർ തുടങ്ങി വ്യത്യസ്ത മേഖലകളിലെ അതിവിദഗ്ധർ, ഉന്നതനിലവാരം പുലർത്തുന്ന വിദ്യാർഥികൾ എന്നിവർക്കാണ് സ്പോൺസറില്ലാതെ ദീർഘകാല വീസ ലഭിക്കുക. ഇതിനായി താമസ-കുടിയേറ്റ നിയമത്തിൽ ഭേദഗതി വരുത്തിയതായി വിദേശകാര്യ, തുറമുഖ വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ സഈദ് റക്കൻ അൽ റാഷിദി  പറഞ്ഞു. 2018ലെ മന്ത്രിസഭാ തീരുമാനപ്രകാരമാണ് പുതിയ വിസ അപേക്ഷ സ്വീകരിച്ചുതുടങ്ങുന്നത്. 

റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്കും സംരംഭകർക്കും പഠനത്തിൽ മികവു പുലർത്തുന്ന വിദ്യാർഥികൾക്കുമാണ് അഞ്ച് വർഷത്തെ വിസ ലഭിക്കുക. റിയൽ എസ്റ്റേറ്റ് മേഖലയിൽ 50 ലക്ഷം ദിർഹത്തിൽ കുറയാത്ത നിക്ഷേപമുണ്ടെങ്കിലേ ദീർഘകാല വീസ നൽകൂ. ആസ്തിയിൽ മറ്റാർക്കും അവകാശമുണ്ടാകാൻ പാടില്ല. കുറഞ്ഞത് മൂന്ന് വർഷം സ്വന്തം പേരിൽ ഇതേ ആസ്തി ഉണ്ടായിരിക്കണം. ജീവിത പങ്കാളിക്കും മക്കൾക്കും കമ്പനിയിലെ ഒരു എക്സിക്യൂട്ടീവ് ഡയറക്ടർക്കും ഒരു ഉപദേശകനും 10 വർഷത്തെ വിസ ലഭിക്കും. നടപടിക്രമങ്ങൾക്കായി ഇവർക്ക് ഒന്നിലേറെ തവണ വന്നു പോകാവുന്ന മൾട്ടിപ്പിൾ എൻട്രി വീസയും നൽകും. 

ഗവേഷകർ, ശാസ്ത്രജ്ഞർ, ഡോക്ടർ, നൂതന ആശയമുള്ളവർ, കലാസാംസ്കാരിക രംഗത്തെ പ്രഗത്ഭർ എന്നിവർക്കും 10 വർഷ വിസ ലഭിക്കും. ആരോഗ്യ അനുബന്ധ വിഷയങ്ങളിൽ സൂപ്പർസ്പെഷ്യാലിറ്റി ഡോക്ടർമാർക്കും സ്വന്തം ആശുപത്രിയുള്ളവർക്കും അപേക്ഷിക്കാം. ലോകത്തെ 500 ഉന്നത സർവകലാശാലകളിൽനിന്ന് പിഎച്ച്ഡി ബിരുദവും 10 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്കും വിസ ലഭിക്കും. അഞ്ച് ലക്ഷം ദിർഹത്തിൽ കുറയാത്ത തുകയ്ക്കുള്ള സ്വയം സംരംഭം ഉള്ളവർക്കോ എടുക്കാൻ ആഗ്രഹിക്കുന്നവർക്കോ സംരംഭക വിസയ്ക്ക് അപേക്ഷിക്കാം. ഈ വിസ തുല്യ കാലാവധിക്ക് പുതുക്കി നൽകുമെന്നും താമസ-കുടിയേറ്റ വകുപ്പ് അറിയിച്ചു. 

click me!