
ദുബായ്: മലയാളികളുള്‍പ്പെടെയുള്ളവര്‍ക്ക് ആറ് കോടിയോളം രൂപയുടെ വണ്ടിച്ചെക്ക് നല്‍കി തട്ടിപ്പ് നടത്തിയശേഷം ഇന്ത്യക്കാരന്‍ നാട്ടിലേക്ക് കടന്നു. മുംബൈ സ്വദേശിയായ യോഗേഷ് എന്നയാളാണ് ദുബായില്‍ വ്യാജ കമ്പനി സ്ഥാപിച്ച് പണം തട്ടിയത്. 16 കമ്പനികളില്‍ ഇയാള്‍ വണ്ടിച്ചെക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎഇ പൗരന്മാരും ഇയാളുടെ തട്ടിപ്പിനിരയായവരില്‍ ഉള്‍പ്പെടുന്നു.
വിവിധ കമ്പനികളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയായിരുന്നു തട്ടിപ്പിന്റെ തുടക്കം. ആദ്യം ചെറിയ തുകയ്ക്കുള്ള ഭക്ഷ്യ വസ്തുക്കളും മറ്റും വാങ്ങിയ ശേഷം പണം കൃത്യ സമയത്ത് നല്‍കിയിരുന്നു. ഇങ്ങനെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം വന്‍തുകയ്ക്കുള്ള സാധനങ്ങള്‍ വാങ്ങി പണത്തിനായി ചെക്കും നല്‍കി. ഈ മാസം 18, 20 എന്നിങ്ങനെയുള്ള തീയ്യതികളാണ് ചെക്കുകളില്‍ രേഖപ്പെടുത്തിയിരുന്നത്.
അക്കൗണ്ടില്‍ പണമില്ലാതെ ബാങ്കില്‍ നിന്ന് ചെക്കുകള്‍ മടങ്ങിയതോടെ യോഗേഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഇയാളുടെ കമ്പനിയില്‍ അന്വേഷിച്ചെങ്കിലും അത് പൂട്ടിയ നിലയിലായിരുന്നു. ഇവിടുത്തെ തൊഴിലാളികളെയടക്കം ബന്ധപ്പെടാന്‍ ശ്രമിക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തപ്പോഴാണ് ഇയാള്‍ രാജ്യം വിട്ടതായി മനസിലായത്. 30 ലക്ഷത്തോളം ദിര്‍ഹം (ആറ് കോടി ഇന്ത്യന്‍ രൂപ) ഇയാളില്‍ നിന്ന് പലര്‍ക്കായി കിട്ടാനുണ്ട്.
മേയ് 11ന് അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തില്‍ ഇയാള്‍ ഹൈദരാബാദിലേക്കാണ് കടന്നത്. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി മുന്‍ഗണന അനുസരിച്ച് മാത്രം യാത്രക്കാരെ കൊണ്ടുപോകുന്ന പ്രത്യേക വിമാനത്തില്‍ ഇയാള്‍ എങ്ങനെ ടിക്കറ്റ് തരപ്പെടുത്തിയെന്നതും വ്യക്തമല്ല. യോഗേഷിനെതിരെ യുഎഇയിലും ഇന്ത്യയിലും നിയമനടപടിയുമായി മുന്നോട്ടുപോവുകയാണ് തട്ടിപ്പിനിരയായവര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ