മലയാളി ജീവകാരുണ്യ പ്രവർത്തകരുടെ ഇടപെടല്‍ തുണയായി; ക്രിമിനൽ കേസിൽ കുടുങ്ങിയ പ്രവാസി നാട്ടിലേയ്ക്ക് മടങ്ങി

Published : Mar 09, 2021, 09:42 PM IST
മലയാളി ജീവകാരുണ്യ പ്രവർത്തകരുടെ ഇടപെടല്‍ തുണയായി; ക്രിമിനൽ കേസിൽ കുടുങ്ങിയ പ്രവാസി നാട്ടിലേയ്ക്ക് മടങ്ങി

Synopsis

കടയിൽ ഭക്ഷണസാധനങ്ങൾ ഉണ്ടാക്കാൻ കാലാവധി കഴിഞ്ഞതും കേടായതുമായ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നെന്ന് കാണിച്ച് ഒരു വീഡിയോ തയ്യാറാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. നിയമപരമായി വലിയ ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് മനസ്സിലാക്കാതെയായിരുന്നു ഈ സാഹസം. 

റിയാദ്: ജോലി ചെയ്തിരുന്ന കമ്പനിയിൽ ഉണ്ടായ ചില പ്രശ്നങ്ങളെത്തുടർന്ന് ക്രിമിനൽ കേസിൽ അകപ്പെട്ട ഉത്തര്‍പ്രദേശുകാരനായ തൊഴിലാളി നാട്ടിലേയ്ക്ക് മടങ്ങി. നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെയാണ് നിയമ പ്രശ്‍നങ്ങൾ തരണം ചെയ്‍തത്.

ഒരു പ്രമുഖ ഫുഡ് ചെയിൻ കമ്പനിയുടെ തുഗ്‌ബയിൽ ഉള്ള ശാഖയില്‍ രണ്ടു വർഷമായി ജോലി നോക്കി വരികയായിരുന്നു ഉത്തരപ്രദേശ്‌ ബറേലി സ്വദേശിയായ ജാവേദ് അഹമ്മദ്. ഇവിടെ മാനേജരായിരുന്ന ഈജിപ്ഷ്യൻ പൗരനുമായുള്ള തര്‍ക്കങ്ങളായിരുന്നു പ്രശ്‍നങ്ങൾക്ക് തുടക്കം. മാനേജരോടുള്ള ദേഷ്യം തീർക്കാൻ അല്പം കടന്ന കൈയ്യാണ് ജാവേദ് പ്രയോഗിച്ചത്. കടയിൽ ഭക്ഷണസാധനങ്ങൾ ഉണ്ടാക്കാൻ കാലാവധി കഴിഞ്ഞതും കേടായതുമായ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നെന്ന് കാണിച്ച് ഒരു വീഡിയോ തയ്യാറാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. നിയമപരമായി വലിയ ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് മനസ്സിലാക്കാതെയായിരുന്നു ഈ സാഹസം. 

വീഡിയോ പോസ്റ്റ് ചെയ്‍ത വിവരമറഞ്ഞ മാനേജർ, ജാവേദിനെ താമസസ്ഥലത്തു ചെന്ന് പൊതിരെ തല്ലി. മർദ്ദനത്തിൽ രക്തം വാർന്ന ജാവേദ് സഹായത്തിന് പോലീസിനെ ഫോണിൽ വിളിച്ചു. പോലീസ് സ്ഥലത്തെത്തി രണ്ടു പേരെയും അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ക്രിമിനൽ കേസിൽ അകപ്പെട്ട ജാവേദ്, ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിലും, പോലീസ് സ്റ്റേഷനിലുമായി മാസങ്ങളോളം കയറിയിറങ്ങി നടന്നു. കേസ് കോബാർ ലേബർ കോടതിയിലെത്തിയപ്പോഴാണ് റിയാദിലെ ഇന്ത്യൻ എംബസി ഇടപെട്ട് നവയുഗം ജീവകാരുണ്യ പ്രവർത്തകനായ പദ്‍മനാഭൻ മണിക്കുട്ടനെ കേസ് ഏൽപ്പിച്ചത്. 

മണിക്കുട്ടൻ ജാവേദിനെ കാണുകയും വിവരങ്ങൾ വിശദമായി ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. നിയമപരമായ നൂലാമാലകൾ കാരണം കേസ് നീണ്ടുപോകാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ മണിക്കുട്ടൻ, മറ്റു നവയുഗം ജീവകാരുണ്യപ്രവർത്തകരോടൊപ്പം,  ജാവേദിന്റെ കമ്പനിയെത്തന്നെ നേരിട്ട് ബന്ധപ്പെട്ടു. അക്രമം നടത്തിയ മാനേജരെ കമ്പനി സ്ഥലം മാറ്റിയതിനാൽ, പുതിയതായി വന്ന മാനേജറോട് ഒത്തുതീർപ്പ് ചർച്ചകൾ നടത്തി.

പാവപ്പെട്ട കുടുംബത്തിലെ അംഗമായ ജാവേദിന്റെ ദയനീയാവസ്ഥ വിവരിച്ച് മണിക്കുട്ടൻ നടത്തിയ അഭ്യർത്ഥനകൾക്ക് ഒടുവിൽ കമ്പനി അയഞ്ഞു. രണ്ടുകൂട്ടരും കേസുകൾ പിൻവലിക്കാൻ തയ്യാറായി. കമ്പനി ജാവേദിനു എക്സിറ്റും വിമാനടിക്കറ്റും നൽകി. നവയുഗം പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് ജാവേദ് നാട്ടിലേക്ക് മടങ്ങി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ