
റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കായി ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ തീർത്ഥാടകരുടെ ആദ്യ സംഘത്തിന് പുണ്യനഗരിയായ മക്കയിൽ ആവേശോജ്ജ്വലമായ സ്വീകരണം. എട്ടു ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തിയ ആദ്യ സംഘത്തെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, ജിദ്ദ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മുംബൈ, കൊൽക്കത്ത, ഗുവാഹത്തി, ഡൽഹി, വിജയവാഡ എന്നിവിടങ്ങളിൽ നിന്നുള്ള മൂവായിരത്തോളം തീർത്ഥാടകരാണ് ഞായറാഴ്ച ഉച്ചയോടെ മക്കയിലെത്തിയത്. ഇക്കഴിഞ്ഞ 18-ാം തീയതി ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നും മദീനയിൽ എത്തിയവരാണിവർ.
ഇത്തവണ ഇന്ത്യൻ ഹജ്ജ് തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി ഹറമൈൻ ഹൈസ്പീഡ് ട്രെയിൻ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. മദീനയിൽ നിന്നും വെറും രണ്ടര മണിക്കൂർ കൊണ്ട് മക്കയിലെത്താൻ കഴിയുന്ന ഈ അതിവേഗ സംവിധാനം തീർത്ഥാടകർക്ക് വലിയ ആശ്വാസമായി. റെക്കോർഡ് എണ്ണമായ 61,000 ഇന്ത്യൻ തീർത്ഥാടകർക്കാണ് ഇത്തവണ ട്രെയിൻ വഴി യാത്രാസൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. സുരക്ഷിതവും സുഖകരവുമായ യാത്രാ അനുഭവം നൽകുന്നതിനൊപ്പം യാത്രാസമയം ഗണ്യമായി കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നു.
മക്കയിലെത്തിയ തീർത്ഥാടകരുടെ യാത്രാ സൗകര്യങ്ങളും താമസ സജ്ജീകരണങ്ങളും ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ നേരിട്ട് സന്ദർശിച്ച് വിലയിരുത്തി. റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രത്യേക ബസ്സുകളിലാണ് തീർത്ഥാടകരെ അസീസിയയിലുള്ള കെട്ടിടങ്ങളിലേക്ക് എത്തിച്ചത്. ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളുടെ വളന്റിയർമാരും സേവനത്തിനായി സജീവമായി രംഗത്തുണ്ട്.
താമസസ്ഥലത്തെ വിശ്രമത്തിന് ശേഷം ഉംറ നിർവഹിക്കുന്നതിനായി തീർത്ഥാടകർ മസ്ജിദുൽ ഹറാമിലേക്ക് തിരിക്കും. ഇവർക്കായി ഹജ്ജ് മിഷന്റെ സൗജന്യ ബസ് സർവീസുകളും ഇതിനകം ആരംഭിച്ചിട്ടുണ്ട്. മദീന വഴിയുള്ള തീർത്ഥാടകരുടെ ഒഴുക്ക് തുടരുന്നതിനിടെ, ജിദ്ദ വഴിയുള്ളവരുടെ വരവ് ഏപ്രിൽ 30-ന് ആരംഭിക്കും. കേരളത്തിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരും അന്നേ ദിവസം തന്നെ സൗദിയിലെത്തും. കൊച്ചിയിൽ നിന്നുള്ള ആദ്യ വിമാനം വ്യാഴാഴ്ച വൈകിട്ടാണ് പുറപ്പെടുന്നത്. ഹജ്ജ് കർമ്മങ്ങൾക്ക് ശേഷം ജിദ്ദ വിമാനത്താവളം വഴിയായിരിക്കും ഇവരുടെ മടക്കയാത്ര.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam