
ഷാര്‍ജ: ഷാര്‍ജയിലെ യുഎഇ നാഷണല്‍ ആംബുലന്‍സ് കമ്മ്യൂണിക്കേഷന്‍സ് സെന്ററിലാണ് ആ ഫോണ്‍ വിളിയെത്തിയത്. അടിയന്തര ആവശ്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരീശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ വിളിച്ചയാളിന് ഇംഗീഷ് നല്ല വശമില്ല. എന്നാലും അറിയാവുന്ന പോലെ 'ടോം ആന്റ് ജെറിയെന്നും' 'ബേബി' എന്നുമൊക്കെ ഇയാള്‍ പറയുന്നത് കേട്ട് എന്താണ് സംഭവമെന്ന് അറിയാതെ ഉദ്യോഗസ്ഥര്‍ കുഴങ്ങി.
'ബേബി' എന്ന വാക്ക് കുറേ വട്ടം ആവര്‍ത്തിച്ചതോടെ, വിളിച്ചയാളുടെ ഭാര്യ പ്രസവിച്ചിട്ടുണ്ടാകുമെന്നും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായം തേടുകയാണെന്നും ധരിച്ച് ആംബുലന്‍സ് സന്നാഹം കുതിച്ചെത്തി. അവിടെയെത്തിയപ്പോഴാണ് പൂച്ച പ്രസവിച്ചപ്പോള്‍ സഹായം തേടിയാണ് ഇന്ത്യക്കാരന്‍ ആംബുലന്‍സ് വിളിച്ചതെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസിലായത്. ഏതായാലും അടിയന്തര സഹായത്തിനുള്ള ഫോണ്‍ നമ്പറുകള്‍ ദുരുപയോഗം ചെയ്യരുതെന്ന് പൊതുനങ്ങളോട് വീണ്ടും അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ഷാര്‍ജ അധികൃതര്‍.
ജീവന്‍ അപകടത്തിലാവുന്ന സാഹചര്യങ്ങളില്‍ മിനിറ്റുകള്‍ക്കകം കുതിച്ചെത്തി അടിയന്തര വൈദ്യ സഹായം നല്‍കാനും വിദഗ്ധ ചികിത്സ ലഭ്യമാക്കാനുമാണ് ആംബുലന്‍സ് സേവനം വിഭാവന ചെയ്‍തിട്ടുള്ളത്. അടിയന്തരമല്ലാത്ത ആവശ്യങ്ങള്‍ക്കായി ഈ നമ്പറുകള്‍ ദുരുപയോഗം ചെയ്യുന്നതു വഴി മറ്റൊരിടത്ത് ഒരാളുടെ ജീവന്‍ അപകടത്തിലാവുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
ഏതെങ്കിലും പ്രദേശത്ത് മൃഗങ്ങളുടെ ശല്യമുണ്ടെന്ന് പറഞ്ഞും ശമ്പളം കിട്ടിയില്ലെന്ന് പരാതിപ്പെടാനും മുതല്‍ പാരസെറ്റമോള്‍ ഗുളിക എവിടെ കിട്ടുമെന്ന് അറിയാന്‍ വേണ്ടി വരെ 998ല്‍ വിളിച്ചവരുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. കൊവിഡ് കാലത്ത് ആശുപത്രിയില്‍ പോകാന്‍ വാഹനമില്ലെന്ന് പറഞ്ഞ് നിരവധി കോളുകള്‍ ലഭിച്ചിരുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊവിഡിന് മുമ്പ് പ്രതിമാസം ശരാശരി 6763 ഫോണ്‍ കോളുകള്‍ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 18,537 കോളുകളാണ് എല്ലാ മാസവും ശരാശരി ലഭിക്കാറുള്ളതെന്ന് നാഷണല്‍ ആംബുലന്‍സ് അധികൃതര്‍ പറഞ്ഞു.
വിളിക്കുന്നവരില്‍ 50 മുതല്‍ 60 ശതമാനം വരെ കേസുകളിലും ആംബുലന്‍സ് സംഘത്തെ അയക്കാറുണ്ട്. ഇവരില്‍ 10 മുതല്‍ 15 ശതമാനം പേര്‍ മാത്രമായിരിക്കും ഗുരുതരാവസ്ഥയിലുള്ള രോഗികള്‍. മറ്റുള്ളവര്‍ക്ക് മെഡിക്കല്‍ സഹായം ആവശ്യമുണ്ടാകുമെങ്കിലും അടിയന്തര സഹായം തേടേണ്ട കേസുകളായിരിക്കില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam