
അമ്മാന്‍: ജോര്‍ദാന്‍ രാജാവിന്റെ അര്‍ധ സഹോദരന്‍ പ്രിന്‍സ് ഹംസ ബിന്‍ അല്‍ ഹുസൈന്‍ തന്റെ രാജകീയ പദവി ഉപേക്ഷിച്ചു. രാജകുടുംബത്തിലുണ്ടായ വഴക്കിനെ തുടര്‍ന്ന് അദ്ദേഹം വീട്ടുതടങ്കലില്‍ കഴിഞ്ഞതിന് ഒരു വര്‍ഷത്തിന് ശേഷമാണ് പദവി ഉപേക്ഷിച്ചു കൊണ്ടുള്ള തീരുമാനം അറിയിച്ചത്.
തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച കത്തിലൂടെയാണ് പ്രിന്‍സ് ഹംസ ഇക്കാര്യം അറിയിച്ചത്. തന്റെ മൂല്യങ്ങള്‍ തങ്ങളുടെ സംവിധാനങ്ങളുടെ സമീപനങ്ങള്‍, പ്രവണതകള്‍, ആധുനിക രീതികള്‍ എന്നിവയുമായി ചേര്‍ന്നു പോകുന്നില്ലെന്നും അതിനാലാണ് പുതിയ തീരുമാനമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനും ഹംസയും കിങ് ഹുസൈന്റെ മക്കളാണ്. 50 വര്‍ഷത്തോളം ജോര്‍ദാന്‍ ഭരിച്ച രാജാവാണ് 1999ല്‍ അന്തരിച്ച കിങ് ഹുസൈന്‍. അബ്ദുള്ള രാജാവ് ഹംസയെ കിരീടാവകാശിയായി നിയമിച്ചിരുന്നെങ്കിലും 2004ല്‍ ഈ പദവിയില്‍ നിന്ന് നീക്കം ചെയ്തു.
തനിക്കെതിരായി ഗൂഢാലോചന കുറ്റം ആരോപിച്ച സംഭവത്തില്‍ കഴിഞ്ഞ മാസം പ്രിന്‍സ് ഹംസ മാപ്പു പറഞ്ഞതായി റോയല്‍ പാലസ് അറിയിച്ചിരുന്നു. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ വിദേശ കക്ഷികളുമായി ചേര്‍ന്ന് പ്രിന്‍സ് ഹംസ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ കഴിഞ്ഞ ഏപ്രിലില്‍ വീട്ടുതടങ്കലിലാക്കിയിരുന്നു. എന്നാല്‍ പുറത്തുവിട്ട ഒരു വീഡിയോ പ്രസ്താവനയിലൂടെ തനിക്കെതിരായ ആരോപണങ്ങള്‍ ഹംസ നിഷേധിച്ചിരുന്നു. ഭരണകൂടത്തിലെ അഴിമതിയെ കുറിച്ച് സംസാരിച്ചതിനാണ് തന്നെ വീട്ടുതടങ്കലിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം ഹംസയുടെ പുതിയ പ്രഖ്യാപനത്തില്‍ റോയല്‍ കോര്‍ട്ട് പ്രതികരിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam