മാസ്‍കുകള്‍ മോഷ്‍ടിച്ചുവിറ്റു; യുഎഇയില്‍ സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങിയ ഇന്ത്യക്കാരന് ശിക്ഷ

By Web TeamFirst Published Nov 23, 2020, 2:21 PM IST
Highlights

 ദുബൈ ഹെല്‍ത്ത് അതോരിറ്റിയുടെ മെഡിക്കല്‍ സപ്ലൈസ് വെയര്‍ഹൌസ് സൂക്ഷിപ്പുക്കാരനായിരുന്ന പ്രതി, മാസ്‍കുകള്‍ വില്‍പന നടത്താനായി ഒരു മെഡിക്കല്‍ സപ്ലൈസ് കമ്പനിയെ ബന്ധപ്പെടുകയായിരുന്നു.

ദുബൈ: മാസ്‍കുകള്‍ മോഷ്‍ടിച്ചുവിറ്റ കുറ്റത്തിന് അറസ്റ്റിലായ ഇന്ത്യക്കാരന് ദുബൈയില്‍ ഒരു വര്‍ഷം ജയില്‍ ശിക്ഷ. വെയര്‍ഹൌസ് സൂക്ഷിപ്പുകാരനായി ജോലി ചെയ്‍തിരുന്ന ഇയാള്‍ 8400 ദിര്‍ഹം വിലവരുന്ന മാസ്‍കുകള്‍ മോഷ്‍ടിച്ച് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങുകയായിരുന്നു. ജയില്‍ ശിക്ഷക്ക് പുറമെ 8400 ദിര്‍ഹം പിഴയും അടയ്ക്കണം. 43കാരനായ പ്രതിയെ ശിക്ഷ അനുഭവിച്ച ശേഷം യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. 

മേയ് 31നും ജൂണ്‍ 11നും ഇടയ്‍ക്കുള്ള സമയത്താണ് മോഷണം നടന്നതെന്ന് പ്രോസിക്യൂഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു. അല്‍ റഫാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‍തത്. ദുബൈ ഹെല്‍ത്ത് അതോരിറ്റിയുടെ മെഡിക്കല്‍ സപ്ലൈസ് വെയര്‍ഹൌസ് സൂക്ഷിപ്പുക്കാരനായിരുന്ന പ്രതി, മാസ്‍കുകള്‍ വില്‍പന നടത്താനായി ഒരു മെഡിക്കല്‍ സപ്ലൈസ് കമ്പനിയെ ബന്ധപ്പെടുകയായിരുന്നു.

28 ബോക്സ് മാസ്കുകള്‍ 8400 ദിര്‍ഹത്തിന് നല്‍കാമെന്നായിരുന്നു വാഗ്ദാനം. മെഡിക്കല്‍ സപ്ലൈസ് കമ്പനിയുടെ ഉടമകളിലൊരാളായ ഫിലിപ്പൈന്‍സ് സ്വദേശിനിയെയാണ് പ്രതി ബന്ധപ്പെട്ടത്. ഡി.എച്ച്.എ വെയര്‍ഹൌസ് ജീവനക്കാരനാണെന്ന് മനസിലാക്കിയതോടെ ഫിലിപ്പൈന്‍സ് സ്വദേശിനി തനിക്ക് ആലോചിക്കാന്‍ സമയം വേണമെന്ന് അറിയിച്ച ശേഷം പ്രതിയുടെ മേലുദ്ദ്യേഗസ്ഥരെ വിവരമറിയിച്ചു. 

ഇടപാടിന് തയ്യാറാണെന്ന് പ്രതിയെ അറിയിക്കാനായിരുന്നു മേലുദ്യോഗസ്ഥരുടെ നിര്‍ദേശം. പ്രതിക്ക് നല്‍കാനായി ദുബൈ പൊലീസ് 8400 ദിര്‍ഹം ഫിലിപ്പൈന്‍സ് സ്വദേശിനിക്ക് കൈമാറി. ജൂണ്‍ 11ന് പണം കൈപ്പറ്റി, മാസ്‍ക് വില്‍പന നടത്തിയപ്പോള്‍ പൊലീസ് കൈയോടെ പിടികൂടുകയായിരുന്നു.

മെഡിക്കല്‍ ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന ചുമതലയായിരുന്നു പ്രതിക്ക് ഉണ്ടായിരുന്നതെന്നും വെയര്‍ഹൌസിന്റെ ഒരു താക്കോല്‍ ഇയാള്‍ക്ക് നല്‍കിയിരുന്നെന്നും സൂപ്പര്‍വൈസര്‍ മൊഴി നല്‍കി. 2010 സെപ്‍തംബര്‍ മുതല്‍ ഇവിടെ ജോലി ചെയ്യുന്ന ഇയാള്‍ 8400 ദിര്‍ഹത്തിന്റെ മാസ്‍കുകള്‍ക്ക് വേണ്ടി ജോലി ദുരുപയോഗം ചെയ്യുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

click me!