10 വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇന്ത്യക്കാരനെ യുഎഇയില്‍ ഭാഗ്യം കടാക്ഷിച്ചത് ഇങ്ങനെ

By Web TeamFirst Published Jan 20, 2020, 8:22 PM IST
Highlights

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്നുവരുന്ന ഇന്‍ഫിനിറ്റി മെഗാ നറുക്കെടുപ്പിലാണ് ശ്രീജിത്തിന് സമ്മാനം ലഭിച്ചത്. ഒടുവില്‍ സമ്മാനവിവരം കേട്ടപ്പോള്‍ അത് വിശ്വസിക്കാനായില്ല.

ദുബായ്: വിജയത്തിന് ആദ്യം വേണ്ടത് ക്ഷമയാണെന്ന് പറയുമെങ്കിലും ഇത് ജീവിതത്തില്‍ പാലിക്കാന്‍ കഴിയുന്നവര്‍ ചുരുക്കമാണ്. അവരിലൊരാളാണ് യുഎഇയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ ശ്രീജിത്ത്. പത്ത് വര്‍ഷത്തെ ഭാഗ്യപരീക്ഷണങ്ങള്‍ ശ്രീജിത്തിന് ഇതുവരെയും നിരാശ മാത്രമാണ് സമ്മാനിച്ചത്. എന്നാല്‍ ഒരു പതിറ്റാണ്ട് നീണ്ട ക്ഷമയുടെ ഫലമെന്നോണം ഇന്ന് രണ്ട് ലക്ഷം ദിര്‍ഹവും (38 ലക്ഷത്തിലധകം ഇന്ത്യന്‍ രൂപ) ഒരു ഇന്‍ഫിനിറ്റി QX50 കാറുമാണ് അദ്ദേഹത്തെ തേടിയെത്തിയത്.

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്നുവരുന്ന ഇന്‍ഫിനിറ്റി മെഗാ നറുക്കെടുപ്പിലാണ് ശ്രീജിത്തിന് സമ്മാനം ലഭിച്ചത്. ഒടുവില്‍ സമ്മാനവിവരം കേട്ടപ്പോള്‍ അത് വിശ്വസിക്കാനായില്ല. എന്നെങ്കിലും വിജയിക്കുമെന്ന പ്രതീക്ഷയില്‍ ഏറെ ശ്രദ്ധയോടെയാണ് കഴിഞ്ഞ കാലങ്ങളില്‍ ടിക്കറ്റുകള്‍ വാങ്ങിയത്. അതുകൊണ്ടുതന്നെ ഈ വിജയത്തിന് ഏറെ മൂല്യമുണ്ട്. സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവുമെന്ന് ഇപ്പോള്‍ ഉറപ്പുണ്ട്. രണ്ട് ആണ്‍മക്കളാണ് തനിക്കുള്ളത്. മൂന്നാമതൊരു കുട്ടികൂടി ഉടനെ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാവും. ഈ പണം കൊണ്ട് മക്കളുടെ ഭാവി ശോഭനമാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലെ ഓരോ ദിവസവും ഇന്‍ഫിനിറ്റി മെഗാ നറുക്കെടുപ്പ് നടന്നുവരുന്നുണ്ട്. വിജയിക്ക് രണ്ട് ലക്ഷം ദിര്‍ഹവും ഇന്‍ഫിനിറ്റി QX50 കാറുമാണ് സമ്മാനം. 200 ദിര്‍ഹത്തിന്റെ ടിക്കറ്റെടുക്കുന്നവര്‍ക്ക് ഭാഗ്യം പരീക്ഷിക്കാം. ഇതിനുപുറമെ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ സമാപനത്തില്‍ ഒരു ഭാഗ്യവാന് 10 ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനവും ലഭിക്കും.

click me!