
മസ്കറ്റ്: ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര-സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കുന്നതിന് ലക്ഷ്യമിട്ട് ഇന്ത്യൻ എംബസി മസ്കറ്റിൽ ഇന്ത്യൻ-ഒമാൻ നെറ്റ്‍വര്‍ക്ക് (ഐഒഎൻ) എന്ന പുതിയ വേദി പ്രഖ്യാപിച്ചു.സർക്കാർ പ്രതിനിധികളും വ്യവസായ നേതാക്കളും, ചിന്തകന്മാരും ഉൾപ്പെടെയുള്ള വിവിധ തലങ്ങളിലെ പങ്കാളികളെ ഒരുമിച്ചു കൊണ്ടുവരുന്നതിന് രൂപപ്പെടുത്തിയിട്ടുള്ളതാണിത്.
‘ട്രാക്ക് 1.5’ മാതൃകയിലുള്ള ഹൈബ്രിഡ് ഫോറമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഐ.ഒ.എൻ, ഇന്ത്യ-ഒമാൻ സഹകരണത്തിനുള്ള ഒരു പുതിയ ചാലകമായി പ്രവർത്തിക്കും. ഇന്ത്യ-ഒമാൻ ബന്ധത്തിൽ വ്യാപാര, നിക്ഷേപ മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ മേഖലകളിലുള്ള പ്രധാന പങ്കാളികളെ പരസ്പരം ബന്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്നും ഇന്ത്യൻ സ്ഥാനപതി ശ്രീനിവാസ് പറഞ്ഞു. പരമ്പരാഗതമായ ട്രേഡ് ഡെലിഗേഷൻസ്, പ്രദർശനങ്ങൾ, ബിസിനസ് മീറ്റിംഗുകൾ, ബി-ടു-ബി കോൺഫറൻസുകൾ തുടങ്ങിയ പരിപാടികൾ കൂടാതെ ഈ ഓൺലൈൻ പ്ലഗിൻ വഴി കൂടുതൽ ഇടപെടാനും മീറ്റിംഗുകൾ കൂടുതൽ ഫലപ്രദവും കാര്യക്ഷമത ഉള്ളവയാക്കി തീർക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കും ഒമാനുമിടയിലെ ദീർഘകാല ബന്ധങ്ങൾക്ക് പുതിയ പ്രചോദനമായി ഇന്ത്യ-ഒമാൻ നെറ്റ്വർക്ക് പ്രവർത്തിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയുടെ 2047 വികസന ദൗത്യവും ഒമാൻ പ്രഖ്യാപിച്ചിട്ടുള്ള വിഷൻ 2040 ഉം തമ്മിലുള്ള സമന്വയം ലക്ഷ്യമാക്കി രൂപകൽപ്പന ചെയ്ത ഈ നെറ്റ്‍വർക്കം ഉഭയകക്ഷി സഹകരണത്തിനായി പുതിയ വഴികൾ തുറക്കുകയാണ്. വ്യാപാരം, സാങ്കേതികവിദ്യ, വിനോദ സഞ്ചാരം, പ്രതിഭ, പാരമ്പര്യം എന്ന പ്രധാന അഞ്ച് വിഭാഗങ്ങൾക്കായി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ച ദൗത്യത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ-ഒമാൻ നെറ്റ്‌വർക്ക് വികസിപ്പിച്ചെടുത്തിട്ടുള്ളത്.
സർക്കാർ ഉദ്യോഗസ്ഥർ മുതൽ സ്വകാര്യ വ്യവസായികൾ, നിക്ഷേപകർ, ശാസ്ത്രീയ വിദഗ്ധർ, സർവ്വകലാശാലകൾ തുടങ്ങിയവരെ ഉൾപ്പെടുത്തി ആധികാരികവും സംവേദനാത്മകവുമായ സംഭാഷണത്തിന് ഇന്ത്യ- ഒമാൻ നെറ്റ്‌വർക്കിലൂടെ അവസരം ലഭിക്കുന്നു എന്നതാണ് ഇതിലൂടെ ലഭിക്കുന്ന പ്രധാന പ്രയോജനം. ഇന്ത്യയുടെ സാമ്പത്തിക പരിഷ്ക്കരണങ്ങളായ ജിഎസ്ടി, ഡിജിറ്റൽ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ, ഗ്രീൻ എനർജി, ആയുഷ്മാൻ ഭാരത്, ഒരു നാട് ഒരു വിപണി , തുടങ്ങിയ പ്രധാന പദ്ധതികളും , ഒമാന്‍റെ ഉദ്ദേശ്യങ്ങളുമായും വികസന കാതലുകളുമായും പൊരുത്തപ്പെടുവാൻ കഴിയും.
ഇന്ത്യയുടെ ബ്രോമിൻ ഡെറിവേറ്റീവ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ ഒമാനിൽ നിക്ഷേപം നടത്തുവാൻ താത്പര്യം കാണിക്കുന്നുവെന്നത്, ഈ നെറ്റ്വർക്ക് വഴി നടപ്പിലാക്കാവുന്ന ഏകോപനത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്ന് ഇന്ത്യൻ സ്ഥാനപതി പറഞ്ഞു. ആധുനിക വെബ് പോർട്ടലും കീവേഡുകൾ വഴി വിവരങ്ങൾ തിരയാനാകുന്ന സംവിധാനവുമുള്ള ഈ നെറ്റ്വർക്ക്, ഉഭയകക്ഷി സംവാദം, വ്യാപാര-നിക്ഷേപ സാധ്യതകൾ, സാങ്കേതിക സഹകരണങ്ങൾ, വിദ്യാഭ്യാസ-വൈദ്യശാസ്ത്ര രംഗത്തെ ഇടപെടലുകൾ എന്നിവയിൽ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണു സംരംഭം ആരംഭിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ