
അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ യുഎഇ സന്ദര്‍ശിക്കും. അന്തരിച്ച യുഎഇ മുന്‍പ്രസിഡന്റിന് അനുശോചനം രേഖപ്പെടുത്താനെത്തുന്ന പ്രധാനമന്ത്രി പ്രവാചക നിന്ദയില്‍ ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിഷേധം തണുപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സമൂഹം.
ജര്‍മനിയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നാട്ടിലേക്കുള്ള യാത്രാമാര്‍ഗം നാളെ ഉച്ചകഴിഞ്ഞു യുഎഇയിലെത്തും. അബുദാബിയിലിറങ്ങുന്ന പ്രധാനമന്ത്രി പാലസിലെത്തി മുന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ വേര്‍പാടില്‍ നേരിട്ട് അനുശോചനം രേഖപ്പെടുത്തും. ഒപ്പം പുതിയ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്‍യാനെ അഭിനന്ദിക്കും.
അതേസമയം പ്രവാചക നിന്ദയില്‍ അറബ് രാജ്യങ്ങള്‍ക്ക് പ്രത്യേകിച്ച് യുഎഇക്കുള്ള പ്രതിഷേധം തണുപ്പിക്കാന്‍ സന്ദര്‍ശനത്തെ പ്രധാനമന്ത്രി ഉപയോഗപ്പെടുത്തുമെന്നാണ് നയതന്ത്ര മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍. ധാർമികവും മാനുഷികവുമായ മൂല്യങ്ങൾക്കു വിരുദ്ധമായ എല്ലാ പ്രവർത്തനങ്ങളും തള്ളിക്കളയണമെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം നേരത്തെ പ്രതിഷേധകുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രസ്‍താവന നടത്തിയ ബിജെപി നേതാക്കളെ ഔദ്യോഗിക പദവിയില്‍ നിന്ന് നീക്കിയെങ്കിലും രാജ്യം മാപ്പുപറയണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കുവൈത്തും ഖത്തറും. ഈ സാഹചര്യത്തില്‍ വിവാദങ്ങള്‍ക്ക് ശേഷം ഒരു ഗള്‍ഫ് രാജ്യത്തെത്തുന്ന പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കുമെന്ന പ്രതീക്ഷയിലാണ് ഗള്‍ഫിലെ 75 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാര്‍.
കഴിഞ്ഞ ഫെബ്രുവരി മാസമാണ് ഇന്ത്യയും യുഎഇയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പിട്ടത്. പ്രതിവര്‍ഷം 6000 കോടി ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടക്കുന്നത്. ഇത് അടുത്ത അഞ്ചു വര്‍ഷത്തിനകം 10,000 കോടി ഡോളറില്‍ എത്തിക്കുന്നതടക്കമുള്ള സമഗ്രപദ്ധതികളാണ് കരാറിലുള്ളത്.
അതുകൊണ്ട് തന്നെ നിലവിലുള്ള പ്രതിസന്ധി പരിഹരിച്ചുകൊണ്ട് ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ധം ഊട്ടിയുറപ്പിക്കാനാവും പ്രധാനമന്ത്രി യുഎഇ സന്ദര്‍ശനം ഉപയോഗപ്പെടുത്തുക. നാലുമണിക്കൂർ നീളുന്ന സന്ദർശനം പൂർത്തിയാക്കി രാത്രിയോടെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ