ദുബൈയിലെ നറുക്കെടുപ്പില്‍ ലഭിച്ച സ്വര്‍ണസമ്മാനത്തില്‍ പകുതിയും തൊഴില്‍ നഷ്ടമായവര്‍ക്ക് നല്‍കി ഇന്ത്യക്കാരന്‍

By Web TeamFirst Published Jan 13, 2021, 5:07 PM IST
Highlights

500 ദിര്‍ഹത്തിന് മുകളില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കൂപ്പണ്‍ ലഭിക്കും. 500 ദിര്‍ഹത്തിന് ഡയമണ്ട്, പേള്‍, വാച്ചുകള്‍ എന്നിവ വാങ്ങുന്നവര്‍ക്ക് രണ്ട് കൂപ്പണുകളും ലഭിക്കും. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിലെ ഓരോ ദിവസവും നാല് വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. 

ദുബൈ: ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് സംഘടിപ്പിച്ച ഗ്രാന്റ് നറുക്കെടുപ്പില്‍ അഞ്ച് പേര്‍ കൂടി 250 ഗ്രാം സ്വര്‍ണം വീതം സ്വന്തമാക്കി. ഒരു യുഎഇ പൗരനും മൂന്ന് ഇന്ത്യക്കാരും ഒരു ഫിലിപ്പൈന്‍സ് സ്വദേശിയുമാണ് വിജയികളായത്. 25 കിലോഗ്രാം സ്വര്‍ണമാണ് ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് നറുക്കെടുപ്പിലൂടെ സമ്മാനിക്കുന്നത്.  അപ്രതീക്ഷിതമായി സ്വര്‍ണസമ്മാനം ലഭിച്ച ആ നിമിഷത്തിലെ സന്തോഷം പങ്കുവെയ്‍ക്കുകയാണ് വിജയികള്‍.

'പകുതി പണവും ജോലി നഷ്‍ടമായവര്‍ക്ക്'
കൊവിഡ് പ്രതിസന്ധി കാരണം ജോലി നഷ്‍ടമായ തന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി പകുതിയോളം പണവും ചെലവഴിച്ചുവെന്ന് വിജയികളിലൊരാളായ ഇന്ത്യക്കാരന്‍ ബെന്‍ സാമുവല്‍സ് പറഞ്ഞു. 'നമുക്ക് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ മറ്റുള്ളവര്‍ക്ക് നല്‍കണമെന്നും ശുഭാപ്‍തി വിശ്വാസം കൈവെടിയരുതെന്നുമാണ് എന്റെ അച്ഛന്‍ പഠിപ്പിച്ചത്. രാവിലെ ജോലി സ്ഥലത്തേക്ക് വാഹനമോടിച്ച് വരുന്നതിനിടെയാണ് സമ്മാന വിവരം അറിയിച്ചുകൊണ്ടുള്ള കോള്‍ ലഭിച്ചത്. ഏറ്റവും സന്തോഷമുള്ളൊരു വര്‍ഷാവസാനമായിരുന്നു അത്. എന്റെ ഭാഗ്യത്തില്‍ എനിക്ക് തന്നെ വിശ്വാസമില്ലായിരുന്നു' - സാമുവല്‍സ് പറഞ്ഞു.

'കബളിപ്പിക്കുകയായിരുന്നുവെന്ന് തോന്നി'
സമ്മാനം ലഭിച്ചതായി അറിയിച്ചുകൊണ്ട് ഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍ ആരോ കബളിപ്പിക്കുകയായിരുന്നുവെന്നാണ് കരുതിയതെന്ന് യുഎഇ പൗരന്‍ യുസുഫ് അലി അല്‍ മാദി പറഞ്ഞു. സമ്മാനം കിട്ടിയ ശേഷമാണ് അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചത്. കൂപ്പണ്‍ ഇടുമ്പോള്‍ വിജയിക്കുമെന്ന് ഒരിക്കലും കരുതിയില്ല. സമ്മാനം ലഭിച്ച സ്വര്‍ണം വിറ്റ് പണമാക്കി മാറ്റി താന്‍ പുതിയൊരു സേവിങ്സ് അക്കൌണ്ട് തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

'എക്കാലത്തെയും ഏറ്റവും നല്ല വാര്‍ത്ത'
2020 വര്‍ഷത്തിലെ എറ്റവും നല്ല വാര്‍ത്തായിയിരുന്നു ഇതെന്ന് ഇന്ത്യക്കാരി ക്രിസ്റ്റിന എ.എസ് പറഞ്ഞു. പ്രവചനങ്ങള്‍ക്ക് അതീതമായിരുന്ന ഒരു വര്‍ഷത്തിന്റെ അവസാനം ഇത്തരമൊരു അത്‍ഭുതകരമായ വിജയം വലിയൊരു ആശ്വാസമായിരുന്നു. കുടുംബത്തോടൊപ്പമാണ് നറുക്കെടുപ്പില്‍ പങ്കെടുത്തത്. അതില്‍ വിജയിയായത് താനാണെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നിയെന്നും അവര്‍ പറഞ്ഞു.

'എന്റെ ആദ്യ വിജയം'
തന്റെ ജീവിതത്തിലെ ആദ്യ വിജയമാണിതെന്ന് ഇന്ത്യക്കാരനായ ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു. എപ്പോഴും നറുക്കെടുപ്പുകളും മത്സരങ്ങളും നടക്കുന്ന മഹത്തായൊരു നഗരമാണ് ദുബൈ. മൂന്ന് വര്‍ഷം ഇവിടെ ജീവിച്ച ശേഷം വിജയിയായെന്നറിഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടുപോയെന്നും വലിയ കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'പ്രയാസം നിറഞ്ഞ കാലത്തിനിടയിലെ വലിയ സമ്മാനം'
'ഒറ്റയ്‍ക്കാണ് ദുബൈയില്‍ താമസിക്കുന്നത്. വിജയിയായെന്ന് അറിഞ്ഞ ആ നിമിഷത്തില്‍ തന്നെ നാട്ടിലുള്ള കുടുംബത്തെ വിവരമറിയിക്കണമെന്നാണ് തോന്നിയത്' - ഫിലിപ്പൈന്‍സ് സ്വദേശി ഇമെല്‍ഡ പി ഡ്യുറോണ്‍ പറഞ്ഞു. പോസിറ്റീവായ ഒരു സൂചനയോടെ വര്‍ഷം അവസാനിപ്പിക്കാന്‍ കഴിഞ്ഞത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലില്‍ നിന്നുള്ള ഈ സമ്മാനം കൊണ്ടായിരുന്നു. എല്ലാവര്‍ക്കും വളരെ വെല്ലുവിളികള്‍ നിറഞ്ഞൊരു സമയമായിരുന്നു എന്നാല്‍ 2021 തന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ വിജയത്തിലൂടെ തോന്നുന്നതെന്നും അവര്‍ പറഞ്ഞു.

'അടുത്ത വിജയി നിങ്ങളാവാം'
ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ അവസാനിക്കുന്നതുവരെ ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പിന്റെ നറുക്കെടുപ്പും തുടരുകയാണ്. ഗ്രൂപ്പിന് കീഴിലുള്ള ദേറ ഗോള്‍ഡ് സൂക്ക്, മീന ബസാര്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളിലായുള്ള 180 ഷോപ്പുകളില്‍ ഏതില്‍ നിന്നെങ്കിലും ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് നറുക്കെടുപ്പില്‍ പങ്കാളികളാവാം.

500 ദിര്‍ഹത്തിന് മുകളില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കൂപ്പണ്‍ ലഭിക്കും. 500 ദിര്‍ഹത്തിന് ഡയമണ്ട്, പേള്‍, വാച്ചുകള്‍ എന്നിവ വാങ്ങുന്നവര്‍ക്ക് രണ്ട് കൂപ്പണുകളും ലഭിക്കും. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിലെ ഓരോ ദിവസവും നാല് വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. ഒരു കിലോഗ്രാം സ്വര്‍ണം അവര്‍ക്ക് തുല്യമായി പങ്കിട്ടെടുക്കാം. ഷോപ്പിങ് ഫെസ്റ്റിവലിന്റെ സമാപന ദിവസം മൂന്ന് കിലോഗ്രാം സ്വര്‍ണം നറുക്കെടുക്കപ്പെടുന്ന 12 പേര്‍ക്ക് വീതിച്ചു നല്‍കും.
"

click me!