കൊവിഡ് വാക്‌സിന്‍ രണ്ടാമത്തെ ബാച്ച് ഒമാനിലെത്തി

By Web TeamFirst Published Jan 13, 2021, 12:04 AM IST
Highlights

മുന്‍ഗണനാ പട്ടികയിലുള്ള ഡയാലിസിസ് രോഗികള്‍, ഗുരുതര ശ്വാസകോശ പ്രശ്‌നങ്ങളുള്ളവര്‍, 65 വയസ്സിനും അതിന് മുകളിലും പ്രായമുള്ള പ്രമേഹ രോഗികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാകും ഈ ബാച്ചിലെ വാക്‌സിന്‍ നല്‍കുകയെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.  

മസ്‌കറ്റ്: കൊവിഡ് വാക്‌സിന്റെ രണ്ടാമത്തെ ബാച്ച് ഒമാനിലെത്തി. 11,700 ഡോസ് വാക്‌സിന്‍ ശനിയാഴ്ച ലഭിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഡിസംബര്‍ 27നാണ് കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പയിനിന് ഒമാനില്‍ തുടക്കമായത്. 15,907 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചിരുന്നു. മുന്‍ഗണനാ പട്ടികയിലുള്ള ഡയാലിസിസ് രോഗികള്‍, ഗുരുതര ശ്വാസകോശ പ്രശ്‌നങ്ങളുള്ളവര്‍, 65 വയസ്സിനും അതിന് മുകളിലും പ്രായമുള്ള പ്രമേഹ രോഗികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഈ ബാച്ചിലും വാക്‌സിന്‍ നല്‍കുന്നത് തുടരുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.  

അതേസമയം ഒമാനില്‍ ചൊവ്വാഴ്ച പുതിയതായി 164 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒരു കൊവിഡ് മരണം പോലുമുണ്ടായിട്ടില്ലെന്ന ആശ്വാസ വാര്‍ത്തയും അധികൃതര്‍ പുറത്തുവിട്ടു. ചികിത്സയിലായിരുന്ന 163 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 1,30,944 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,23,187 പേര്‍ രോഗമുക്തരായിട്ടുണ്ട്. 1508 കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

click me!