വിമാനം ആറ് മണിക്കൂര്‍ വൈകിയപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ദുബായില്‍ പകരം കിട്ടിയത് ഏഴ് കോടിയുടെ ഭാഗ്യം

By Web TeamFirst Published May 2, 2019, 7:15 PM IST
Highlights

സുഡാനില്‍ അവസാന വര്‍ഷ മെഡിസിന്‍ വിദ്യാര്‍ത്ഥിയായ ഇന്ത്യന്‍ പൗര സാറ ഇല്‍റാഹ് അഹ്‍മദിനായിരുന്നു കഴിഞ്ഞ ദിവസം നറുക്കെടുത്ത ദുബായ് ഡ്യൂട്ടി ഫ്രീം മില്ലേനിയം മില്യനര്‍ പ്രൊമോഷനില്‍ ഒന്നാം സമ്മാനം. സാറയുടെ അമ്മ ഇന്ത്യക്കാരിയും അച്ഛന്‍ സുഡാനി പൗരനുമാണ്. ഇന്ത്യന്‍ പാസ്‍പോര്‍ട്ടാണ് സാറയ്ക്കുള്ളത്.

ദുബായ്: വിമാനം വൈകിയത് കാരണം ദുബായ് വിമാനത്താവളത്തില്‍ ആറ് മണിക്കൂറിലേറെ കുടുങ്ങിയപ്പോഴാണ് 21കാരി സാറ ഇല്‍റാഹ് അഹ്‍മദ് ഒരു ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുത്തത്. അച്ഛനെ സര്‍പ്രൈസ് ആവട്ടെയെന്ന് കരുതി വെറുതെയെടുത്ത ടിക്കറ്റില്‍ ആ കുടുംബത്തെ തേടിയെത്തിയത് 10 ലക്ഷം ഡോളറിന്റെ (ഏഴ് കോടിയോളം ഇന്ത്യന്‍ രൂപ) സമ്മാനം.

സുഡാനില്‍ അവസാന വര്‍ഷ മെഡിസിന്‍ വിദ്യാര്‍ത്ഥിയായ ഇന്ത്യന്‍ പൗര സാറ ഇല്‍റാഹ് അഹ്‍മദിനായിരുന്നു കഴിഞ്ഞ ദിവസം നറുക്കെടുത്ത ദുബായ് ഡ്യൂട്ടി ഫ്രീം മില്ലേനിയം മില്യനര്‍ പ്രൊമോഷനില്‍ ഒന്നാം സമ്മാനം. സാറയുടെ അമ്മ ഇന്ത്യക്കാരിയും അച്ഛന്‍ സുഡാനി പൗരനുമാണ്. ഇന്ത്യന്‍ പാസ്‍പോര്‍ട്ടാണ് സാറയ്ക്കുള്ളത്. കുടുംബം ബഹ്റൈനിലാണ് താമസം. മുംബൈയില്‍ നിന്ന് മനാമയിലേക്കുള്ള യാത്രയ്ക്കിടെയാണ് സാറ ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ആറ് മണിക്കൂറിലേറെ വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടിവന്നു. ഇതിനിടെ ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുക്കുകയായിരുന്നു. ജീവിതത്തില്‍ ആദ്യമായാണ് താന്‍ ഒരു നറുക്കെടുപ്പിനുള്ള ടിക്കറ്റ് വാങ്ങുന്നതെന്ന് സാറ പറ‍ഞ്ഞു. അത് തന്നെ അച്ഛന് സര്‍പ്രൈസ് ആവട്ടെയെന്ന് കരുതിയതാണ്. അദ്ദേഹത്തോട് കാര്യം പറഞ്ഞതുമില്ല.

സമ്മാനം ലഭിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. അതുകൊണ്ടുതന്നെ സമ്മാനവിവരം പറഞ്ഞ് ഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍ ആരോ കബളിപ്പിക്കുകയാണെന്നാണ് കരുതിയത്. ഉറപ്പിച്ചപ്പോള്‍ ആദ്യം അച്ഛനെ വിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹത്തിന് ഒരുപാട് സന്തോഷമായെന്നും സാറ പറഞ്ഞു. ബഹ്റൈനിലാണ് താമസമെങ്കിലും പഠനത്തിന് സുഡാന്‍ തെരഞ്ഞെടുക്കുകയായിരുന്നു. ഡോക്ടറാവണമെന്ന് പണ്ടേയുള്ള ആഗ്രഹമായിരുന്നു. സര്‍ജറിയില്‍ ഉപരിപഠനം നടത്തി നല്ലൊരു സര്‍ജനാവണമെന്നാണ് ആഗ്രഹം. സമ്മാനം അതിന് സഹായകമാവും. ഒരു സഹോദരിയും രണ്ട് സഹോദരന്മാരുമുണ്ട് സാറയ്ക്ക്. മൂത്ത സഹോദരന്‍ പൂനെയിലാണ് പഠിക്കുന്നത്.

കുടുംബത്തെ സഹായിക്കാന്‍ കഴിയുമെന്നതാണ് തന്റെ എറ്റവും വലിയ സന്തോഷമെന്ന് സാറ പറയുന്നു. അച്ഛനും അമ്മയും ഞങ്ങള്‍ക്ക് വേണ്ടി ഒത്തിരി സഹിച്ചു. ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ച അവര്‍ക്ക് എന്തെങ്കിലും തിരികെ നല്‍കാന്‍ കഴിയുന്നതാണ് സന്തോഷമെന്നും സാറ പറഞ്ഞു.

click me!