ട്വിറ്ററില്‍ വിദ്വേഷ പ്രചാരണം; ഒമാനില്‍ ഇന്ത്യക്കാരനായ അധ്യാപകനെ പിരിച്ചുവിട്ടു

By Web TeamFirst Published May 25, 2021, 9:58 PM IST
Highlights

പലസ്‍തീനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളെ പിന്തുണച്ചും ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചുമായിരുന്നു ഡോ. സുധീര്‍ കുമാര്‍ ശുക്ലയുടെ ട്വീറ്റുകള്‍. ഇതിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ രംഗത്തെത്തി. വ്യാപകമായ പ്രതിഷേധമുണ്ടായിട്ടും അദ്ദേഹം തന്റെ നിലപാടുകള്‍ ന്യായീകരിക്കുകയായിരുന്നു. 

മസ്‍കത്ത്: ട്വിറ്ററിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ ഇന്ത്യക്കാരനായ അധ്യാപകന് ഒമാനില്‍ ജോലി നഷ്‍ടമായി. ഒമാനിലെ നാഷണല്‍ യൂണിവേഴ്‍സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയിലെ അധ്യാപകന്‍ ഡോ. സുധീര്‍ കുമാര്‍ ശുക്ലയെയാണ് അധികൃതര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.

പലസ്‍തീനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളെ പിന്തുണച്ചും ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചുമായിരുന്നു ഡോ. സുധീര്‍ കുമാര്‍ ശുക്ലയുടെ ട്വീറ്റുകള്‍. ഇതിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ രംഗത്തെത്തി. വ്യാപകമായ പ്രതിഷേധമുണ്ടായിട്ടും അദ്ദേഹം തന്റെ നിലപാടുകള്‍ ന്യായീകരിക്കുകയായിരുന്നു. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ഇദ്ദേഹത്തിന്റെ ക്ലാസ് ബഹിഷ്‍കരിക്കുന്ന ഘട്ടം വരെയെത്തി.

തുടര്‍ന്നാണ് അധ്യാപകനെ സര്‍വകലാശാലാ അധികൃതര്‍ പിരിച്ചുവിട്ടത്. നടപടി വന്നതോടെ അദ്ദേഹം ട്വിറ്ററിലൂടെ മാപ്പ് അപേക്ഷിക്കുകയും പലസ്‍തീന് പിന്തുണ പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്‍തു. എന്നാല്‍ പ്രതിഷേധം അടങ്ങാതായതോടെ അദ്ദേഹം ട്വിറ്റര്‍ അക്കൌണ്ട് ഡിലീറ്റ് ചെയ്യുകയായിരുന്നു. നേരത്തെയും പല സന്ദര്‍ഭങ്ങളില്‍ ഇദ്ദേഹം വിദ്വേഷ പരാമര്‍ശങ്ങളുള്ള ട്വീറ്റുകള്‍ പോസ്റ്റ് ചെയ്‍തിരുന്നു.

click me!