ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരിക്ക് 7.5 കോടി സമ്മാനം

By Web TeamFirst Published Jul 15, 2020, 5:31 PM IST
Highlights

ബുധനാഴ്ച ദുബായ് വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്. ജൂണ്‍ 26ന് എടുത്ത ടിക്കറ്റിലൂടെയാണ് മാലതിയെ ഭാഗ്യം തേടിയെത്തിയത്. 

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പില്‍ ഇന്ത്യക്കാരിക്ക് 10 ലക്ഷം ഡോളര്‍ (7.5 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം. അജ്മാന്‍ ഗ്ലോബല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മാലതി ദാസിനെയാണ് ഭാഗ്യം കടാക്ഷിച്ചത്. ദീര്‍ഘകാലമായി യുഎഇയില്‍ പ്രവാസിയായ മാലതി, 32 വര്‍ഷമായി ടിക്കറ്റുകളെടുക്കുന്നു.  

ബുധനാഴ്ച ദുബായ് വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്. ജൂണ്‍ 26ന് എടുത്ത ടിക്കറ്റിലൂടെയാണ് മാലതിയെ ഭാഗ്യം തേടിയെത്തിയത്. ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദി അറിയിക്കുന്നതായും ഇനിയും ടിക്കറ്റുകളെടുക്കുമെന്നും മാലതി പറഞ്ഞു. 1999ല്‍ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ആരംഭിച്ചതുമുതല്‍ സമ്മാനം ലഭിക്കുന്ന 165-ാമത്തെ ഇന്ത്യക്കാരിയാണ് മാലതി. മില്ലേനിയം മില്യനര്‍ നറുക്കെടുപ്പിലേക്കുള്ള ഏറ്റവുമധികം ടിക്കറ്റുകളെടുക്കുന്നതും ഇന്ത്യക്കാര്‍ തന്നെയാണ്.

ദുബായ് ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലും ഒരു ഇന്ത്യക്കാരന്‍ വിജയിയായി. ഷാര്‍ജയില്‍ താമസിക്കുന്ന 34കാരനായ കൃണാള്‍ മിതാനിയാണ് ആഢംബര ബൈക്ക് സ്വന്തമാക്കിയത്. എട്ട് വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുന്ന അദ്ദേഹം ദുബായിലെ ഒരു ഷിപ്പിങ് കമ്പനിയുടെ ഐ.ടി മാനേജരായി ജോലി ചെയ്യുകയാണ്. ജപ്പാന്‍ സ്വദേശിയായ ഹിറോഷിതോ ഒസുകയാണ് നറുക്കെപ്പിലെ മറ്റൊരു വിജയി. ഓണ്‍ലൈനിലൂടെ ടിക്കറ്റെടുത്ത ഈ 29കാരന്‍ മോസ്‍കോയില്‍ ഒരു എനര്‍ജി കമ്പനിയില്‍ ജോലി ചെയ്യുകയാണ്. മെര്‍സിഡസ് ബെസ് എസ്560 കാറാണ് അദ്ദേഹത്തിന് സമ്മാനമായി ലഭിക്കുക. 

click me!