അബുദാബിയില്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മലയാളി നാട്ടിലേക്ക് മടങ്ങാനാവാതെ ദുരിതത്തില്‍

Published : Oct 19, 2018, 09:22 PM IST
അബുദാബിയില്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മലയാളി നാട്ടിലേക്ക് മടങ്ങാനാവാതെ ദുരിതത്തില്‍

Synopsis

കഴിഞ്ഞ ഓഗസ്റ്റില്‍ നാട്ടിലേക്ക് മടങ്ങുന്നതിന് മൂന്ന് ദിവസം മുന്‍പാണ് അദ്നാന് അപകടം സംഭവിച്ചത്. ജോലി സ്ഥലത്ത് ഏണിയില്‍ നിന്ന് താഴെ വീണ അദ്ദേഹത്തിന്റെ നട്ടെല്ലിന് ക്ഷതം സംഭവിച്ചു. ഇരുകാലുകളും ഒടിയുകയും ചെയ്തു. 

അബുദാബി: അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് നടക്കാന്‍ പോലുമാവാത്ത മലയാളി പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങാന്‍ സഹായം തേടുന്നു. ഖാദര്‍ മുഹമ്മദ് അദ്നാന്‍ എന്ന 26കാരനാണ് ഉടുതുണിക്ക് മറുതുണിയോ പാസ്‍പോര്‍ട്ടോ ടിക്കറ്റിനുള്ള പണമോ ഇല്ലാതെ അബുദാബിയില്‍ കുടുങ്ങിക്കിടക്കുന്നത്. യുഎഇയിലെ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസാണ് അദ്നാന്റെ അവസ്ഥ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റില്‍ നാട്ടിലേക്ക് മടങ്ങുന്നതിന് മൂന്ന് ദിവസം മുന്‍പാണ് അദ്നാന് അപകടം സംഭവിച്ചത്. ജോലി സ്ഥലത്ത് ഏണിയില്‍ നിന്ന് താഴെ വീണ അദ്ദേഹത്തിന്റെ നട്ടെല്ലിന് ക്ഷതം സംഭവിച്ചു. ഇരുകാലുകളും ഒടിയുകയും ചെയ്തു. അപകടസമയത്ത് ബോധരഹിതനായ അദ്നാനെ ആദ്യം അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് പിന്നീട് മഫ്റഖ് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് മാസത്തോളം നീണ്ട ചികിത്സക്ക് ശേഷം ഇപ്പോള്‍ ക്രച്ചസുകളുടെ സഹായത്തോടെ മാത്രമേ നടക്കാനാവൂ

പുറത്തും കാലുകളിലും തൊലി വെച്ചുപിടിപ്പിക്കുന്നത് ഉള്‍പ്പെടെ അഞ്ച് ശസ്‌ത്രക്രിയകള്‍ക്കാണ് അദ്നാന്‍ വിധേയനായത്. തൊഴില്‍ വിസ റദ്ദാക്കിയശേഷമുള്ള 30 ദിവസത്തെ ഗ്രേയ്സ് പീരിഡും പൂര്‍ത്തിയാക്കിയായിരുന്നു നാട്ടിലേക്ക് പോകാനൊരുങ്ങിയത്. അപകട സമയത്ത് ഒരു പ്ലാസ്റ്റിക് കവറില്‍ ഒപ്പം കരുതിയിരുന്ന പാസ്‌പോര്‍ട്ട് എവിടെയോ നഷ്‌ടപ്പെട്ടു. മാസങ്ങള്‍ക്ക് ശേഷവും ഇത് കണ്ടെത്താനായില്ല. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവര്‍ക്ക് ഇപ്പോള്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനാവുമെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അദ്നാന് പരസഹായം കൂടിയേ തീരൂ.

പാസ്‌പോര്‍ട്ട് നഷ്‌ടപ്പെട്ടതിനാല്‍ എംബസിയില്‍ നിന്ന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് വാങ്ങിയാല്‍ മാത്രമേ പൊതുമാപ്പിന് അപേക്ഷ നല്‍കാനാവൂ. ധരിച്ചിരിക്കുന്ന വസ്ത്രമല്ലാതെ മറ്റൊന്നും കൈയ്യിലില്ലാത്ത അദ്നാന് ടിക്കറ്റെടുക്കാനും നിര്‍വ്വാഹമില്ല. അച്ഛനും അമ്മയും രണ്ട് സഹോദരിമാരുടെയും ഏക ആശ്രയമായിരുന്ന അദ്നാന്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് യുഎഇയിലെത്തിയത്. അറബ് കുടുംബത്തില്‍ പാചകക്കാരനായിട്ടായിരുന്നു ജോലി ചെയ്തിരുന്നത്. ഈ വിസ തൊഴിലുടമ റദ്ദാക്കിയതോടെ പിന്നീട് വിവിധ ജോലികള്‍ ചെയ്ത് ജീവിച്ചു. ഇതിനിടയില്‍ രണ്ട് സഹോദരിമാരെ വിവാഹം ചെയ്തയച്ചു. ഇത് കൊണ്ടുണ്ടായ ഭീമമായ ബാധ്യതയും അദ്നാന്റെ ചുമലില്‍ തന്നെ. ഇപ്പോഴത്തെ അവസ്ഥ തന്റെ വീട്ടുകാരെ അറിയിക്കാന്‍ പോലും അദ്നാന് നിര്‍വ്വാഹമില്ല.

എങ്ങനെ നാട്ടിലേക്ക് മടങ്ങുമെന്നതിനെക്കുറിച്ചോ തുടര്‍ ചികിത്സയെക്കുറിച്ചോ അദ്നാന് ഇപ്പോള്‍ പ്രതീക്ഷകള്‍ പോലുമില്ല.  എങ്ങനെയെങ്കിലും നാട്ടിലേക്ക് മടങ്ങണമെന്ന ആഗ്രഹം മാത്രമാണ് ബാക്കി. വൈകല്യം തളര്‍ത്തിയ ശരീരവുമായി അത് പരസഹായമില്ലാതെ സാധ്യവുമല്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി വടക്കൻ പ്രവിശ്യയിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു
സുഹൃത്തുക്കൾ വിളിച്ചിട്ടും കതക് തുറന്നില്ല, ക്രിസ്മസ് അവധിക്ക് ബഹ്‌റൈനിൽ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു