
ദില്ലി: ആഭ്യന്തര യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്ന് ഇന്ത്യക്കാരെല്ലാം ഉടന്‍ മടങ്ങിയെത്തണമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അഭ്യര്‍ത്ഥിച്ചു. ട്വിറ്ററിലൂടെ നേരത്തെ തന്നെ ഇന്ത്യക്കാരോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്ന വിദേശകാര്യ മന്ത്രി ഇനിയും ലിബിയയില്‍ അവശേഷിക്കുന്നവരോടാണ് കഴിഞ്ഞദിവസം വീണ്ടും അഭ്യര്‍ത്ഥന നടത്തിയത്.
ട്രിപ്പോളി വിമാനത്താവളം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്ന് വിമാന സര്‍വീസുകളുമുണ്ട്. എന്നാല്‍ വിമാനത്താവളം അടച്ചാല്‍ പിന്നീട് നിങ്ങളെ രക്ഷിക്കാന്‍ കഴിയാതെയാവും. ലിബിയയില്‍ സ്ഥിരം ജോലികളിലുള്ളവരെ സ്ഥിതിഗതികള്‍ ശാന്തമായാല്‍ തിരികെ പോകാന്‍ അനുവദിക്കാമെന്ന് ഉറപ്പുനല്‍കുന്നു. അതുകൊണ്ട് എത്രയും വേഗം ലീവെടുത്ത് നാട്ടിലേക്ക് തിരിക്കണമെന്നും ട്വിറ്ററിലൂടെ സുഷമ സ്വരാജ് ആവശ്യപ്പെട്ടു. അഞ്ഞൂറോളം ഇന്ത്യക്കാര്‍ ഇപ്പോഴും ട്രിപ്പോളിയില്‍ ഉണ്ടെന്നാണ് വെള്ളിയാഴ്ച മന്ത്രി അറിയിച്ചത്.
ലിബിയയിൽ അധികാരത്തിലുള്ള സർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ച ജനറൽ ഖലീഫ ഹഫ്‍താറിന്‍റെ വിമത സൈന്യം ട്രിപ്പോളി വളഞ്ഞ സാഹചര്യത്തിലാണ് അടിയന്തരമായി തിരികെയെത്തണമെന്ന് ഇന്ത്യക്കാരോട് സുഷമാ സ്വരാജ് ആവശ്യപ്പെട്ടിരിക്കുന്നത്.
ആഭ്യന്തരയുദ്ധം രൂക്ഷമായതിനെത്തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം ട്രിപ്പോളിയിലും പരിസരപ്രദേശങ്ങളിൽ മരിച്ചത് ഇരുന്നൂറിലധികം പേരാണ്. വിമത സൈന്യം നഗരം വളഞ്ഞതിനെത്തുടർന്ന് വിമാനത്താവളം അടച്ചിട്ടിരുന്നു. സംഘർഷാവസ്ഥയ്ക്ക് അൽപം അയവ് വന്ന സാഹചര്യത്തിലാണ് ട്രിപ്പോളി വിമാനത്താവളം തുറന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഉടനടി തിരികെയെത്താനാണ് പ്രവാസി ഇന്ത്യക്കാരോട് സുഷമാ സ്വരാജ് ആവശ്യപ്പെടുന്നത്.
മുഅമ്മർ അൽ ഗദ്ദാഫിയുടെ ഭരണകാലത്ത് സൈനികമേധാവിയായിരുന്ന ജനറൽ ഖലീഫ ഹഫ്‍താറിന്‍റെ നേതൃത്വത്തിലാണ് വിമതസൈന്യം ട്രിപ്പോളി പിടിച്ചടക്കാനൊരുങ്ങുന്നത്. രാജ്യത്തിന്‍റെ കിഴക്കൻ പ്രദേശങ്ങൾ ഇവരുടെ നിയന്ത്രണത്തിലാണ്. ഗദ്ദാഫിയുമായി പിണങ്ങി അമേരിക്കയിൽ അഭയം തേടിയ ജനറൽ ഹഫ്‍താർ ഗദ്ദാഫിയുടെ മരണശേഷമാണ് തിരിച്ചെത്തിയത്.
പ്രധാനമന്ത്രി ഫായിസ് അൽ സെറാജിന്‍റെ സർക്കാരിനെ അംഗീകരിക്കാത്ത സായുധസംഘങ്ങളുടെ പിടിയിലാണിന്ന് ലിബിയ. മനുഷ്യക്കടത്തും അടിമക്കച്ചവടവും അരങ്ങു വാഴുന്ന രാജ്യത്തിന് ആവശ്യം സൈനികഭരണമാണെന്നാണ് ജനറൽ ഹഫ്താറിന്‍റെ വാദം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam