സൗദിയിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന ഇന്ത്യക്കാർക്ക് നാട്ടിലെത്താൻ അവസരമൊരുങ്ങുന്നു

By Web TeamFirst Published Sep 6, 2020, 8:55 AM IST
Highlights

ഇന്ത്യയിലെ ക്വാറൻറീൻ സൗകര്യങ്ങൾ വിലയിരുത്തിയതിന്‌ ശേഷം സൗദി എയർലൈൻസ് വിമാനത്തിൽ സൗജന്യമായി ഇവരെ നാട്ടിലെത്തിക്കുമെന്നാണ്‌ അറിയുന്നത്. 

റിയാദ്: സൗദി അറേബ്യയിൽ നാടുകടത്തൽ കേന്ദ്രത്തിൽ (തർഹീൽ) കഴിയുന്ന ഇന്ത്യക്കാരെ ഉടൻ നാട്ടിലെത്തിക്കാൻ അവസരമൊരുങ്ങുന്നു. അടുത്ത ആഴ്ചകളിലായി ഇവരെ ഇന്ത്യയിലെത്തിക്കുമെന്നാണ്‌ വിവരം. ഇത് സംബന്ധമായി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി കേന്ദ്ര, സംസ്ഥാന സർക്കാരുകളെയും ഇന്ത്യൻ എംബസിയെയും സമീപിച്ച് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതായി ഭാരവാഹികൾ പറഞ്ഞു. 

കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ നൂറിലധികം ഇന്ത്യക്കാർ റിയാദിലെ തർഹീലിൽ യാത്രാരേഖകൾ ശരിയായിട്ടും നാട്ടിലേക്ക് പോകാൻ കഴിയാതെ കഴിയുന്നുണ്ടെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ എംബസിയിൽ ഇത് സംബന്ധമായ പരാതി സമർപ്പിച്ചിരുന്നു. ഇതിനിടയിൽ ഇവരെ ജാമ്യത്തിലിറക്കാൻ അവസരമൊരുക്കിയതിനെ തുടർന്ന് മലയാളികടക്കമുള്ള പലരെയും ബന്ധുക്കളുടെയും സ്പോൺസർമാരുടെയും സഹായത്താൽ ജാമ്യത്തിലിറക്കുകയും ചെയ്തു. 

തർഹീൽ വഴി റിയാദിൽ നിന്നും നാട്ടിലേക്ക് തിരിച്ച വിമാനത്തിൽ ഇതിൽ പലർക്കും അവസരമൊരുക്കാനും കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ ഇടപെടലിലൂടെ സാധ്യമായെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു. ഹൈദരബാദിലെത്തിയ ഇവരെ ക്വാറന്റീൻ പൂർത്തിയാക്കിയതിന്‌ ശേഷം നാട്ടിലേക്ക് തിരിക്കുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഇനിയും നിരവധി പേർ തർഹീലുകളിൽ കഴിയുന്നതായുള്ള ബന്ധുക്കളുടെ വിവരത്തെ തുടർന്ന് കെ.എം.സി.സി വെൽഫെയർ വിഭാഗം ചെയർമാൻ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും ഈ വിവരങ്ങളെല്ലാം കൃത്യമായി വിശദമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രി, കേരള മുഖ്യമന്ത്രി, എം.പിമാരായ രാഹുൽ ഗാന്ധി, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, ഇന്ത്യൻ അംബാസഡർ, ഡി.സി.എം തുടങ്ങിയവർക്ക് വീണ്ടും ഇമെയിൽ അയക്കുകയും ചെയ്തിരുന്നു.

ഇതിനിടയിലാണ്‌ തർഹീലിൽ കഴിയുന്ന ഇന്ത്യക്കാരെ ഉടനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായുള്ള വിവരങ്ങൾ ലഭ്യമാകുന്നത്. കൊവിഡ് സുരക്ഷ മുൻനിർത്തി യാത്ര വൈകിയ മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് ഇത് ഏറെ സന്തോഷം പകരുന്ന കാര്യമാണെന്ന് വിഷയത്തിൽ നിരന്തരം ഇടപ്പെട്ടു വരുന്ന സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ പറഞ്ഞു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ ഫോൺ മുഖേന ബന്ധപ്പെട്ട് തടവുകാരുടെ വിഷയം അദ്ദേഹം ചർച്ച ചെയ്തിരുന്നു. റിയാദിനെ കൂടാതെ ജിദ്ദ, ദമ്മാം തർഹീലുകളിലടക്കം എണ്ണൂറോളം ഇന്ത്യക്കാർ നാടയണാനായി കാത്തിരിക്കുന്നുണ്ട്. 

ഇന്ത്യയിലെ ക്വാറൻറീൻ സൗകര്യങ്ങൾ വിലയിരുത്തിയതിന്‌ ശേഷം സൗദി എയർലൈൻസ് വിമാനത്തിൽ സൗജന്യമായി ഇവരെ നാട്ടിലെത്തിക്കുമെന്നാണ്‌ അറിയുന്നത്. ഹൈദരാബാദിനെ കൂടാതെ ദില്ലി, കൊച്ചി വിമാനത്താവളങ്ങളിലേക്കായിരിക്കും ഇവരെ എത്തിക്കുക. ഇന്ത്യൻ എംബസിയും ജിദ്ദ കോൺസുലേറ്റും വിഷയത്തിൽ സജീവമായി ഇടപെട്ടിരുന്നു.

click me!