മസ്കറ്റിൽ നിന്ന് കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാന സർവ്വീസ് നിർത്തുന്നു

By Web TeamFirst Published Mar 6, 2019, 12:04 AM IST
Highlights

ഏപ്രിൽ ഒന്ന് മുതൽ സർവീസുകൾ ഉണ്ടാകില്ല. ഇൻഡിഗോ സർവ്വീസ് നിർത്താൻ തീരുമാനിച്ചതോടെ മറ്റ് വിമാന കന്പനികൾ നിരക്കുയർത്തി. 

മസ്കറ്റ്: മസ്കറ്റിൽ നിന്ന് കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാന സർവ്വീസ് നിർത്തുന്നു. ഏപ്രിൽ ഒന്ന് മുതൽ സർവീസുകൾ ഉണ്ടാകില്ല. ഇൻഡിഗോ സർവ്വീസ് നിർത്താൻ തീരുമാനിച്ചതോടെ മറ്റ് വിമാന കന്പനികൾ നിരക്കുയർത്തി. മുന്നറിയിപ്പില്ലാതെ മസ്കറ്റിൽ നിന്നും കേരളത്തിലേക്കു ഉള്ള വിമാന സവീസുകൾ നിർത്തിവെച്ച  ഇൻഡിഗോ വിമാന കമ്പനിയുടെ നടപടിയെ അപലപിച്ചു യാത്രക്കാർ രംഗത്തുവന്നു.

ഇന്‍ഡിഗോ സര്‍വ്വീസ് നിര്‍ത്തിയത് മൂലം മൂന്നിരട്ടി തുക നൽകി പുതിയ ടിക്കറ്റ് വാങ്ങേണ്ടി വന്ന യാത്രക്കാർക്ക് കനത്ത സാമ്പത്തിക ബാധ്യത ആണ് വരുത്തിയിരിക്കുന്നത്. ഈ അവസരം മുതലെടുത്തു മറ്റു വിമാന കമ്പനികൾ ടിക്കറ്റ് നിരക്കിൽ കാര്യമായ വർധനവും വരുത്തി കഴിഞ്ഞു. മാർച്ച് 31 മുതൽ മസ്കറ്റിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസ് ആണ് " ഇൻഡിഗോ" വിമാന കമ്പനി നിർത്തി വെച്ചത്. വേനൽക്കാല സ്കൂൾ അവധികളിൽ കൊച്ചിയിലേക്ക് യാത്ര ചെയ്യുവാൻ ഇൻഡിഗോ വിമാനത്തെ ആശ്രയിച്ച യാത്രക്കാർ ആയിരത്തിലധികം പേർ ഉണ്ടാകും.
 
വിമാന ടിക്കറ്റിന്റെ പണം തിരികെ നൽകി കൊണ്ടു, മുംബൈ വഴി കൊച്ചിയിലേക്ക് യാത്രക്കാരെ അയക്കുവാനുള്ള നടപടികൾ കൈകൊണ്ടുമാണ് ഇൻഡിഗോ അധികൃതർ ഇതിനുള്ള പ്രതിവിധി സ്വീകരിച്ചിരിക്കുന്നത്. ജനുവരിയിൽ തന്നെ മെയ് - ജൂൺ മാസങ്ങളിൽ യാത്ര ചെയ്യുവാനുള്ള ടിക്കറ്റുകൾ ഇൻഡിഗോ ഇഷ്യൂ ചെയ്തിട്ടുള്ളതാണ്. എന്നിട്ടും യാതൊരു മുന്നറിയിപ്പും ഇല്ലാതെ സർവീസുകൾ നിർത്തി വെച്ച ഈ വിഷയത്തിൽ എവിയേഷൻ മന്ത്രാലയം ഇടപെടെണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

വിമാന ജീവനക്കാരുടെ കുറവ് മൂലമാണ് കൊച്ചിയിലേക്കുള്ള സർവീസ് നിർത്തിവെച്ചത് എന്നും, താൽക്കാലികമായി പുതിയ ബുക്കിങ്ങുകൾ സ്വീകരിക്കുന്നില്ല എന്നതും സർവീസ് പുനരാംഭിക്കുവാൻ ഉള്ള നടപടികൾക്കായി ശ്രമിക്കുന്നതായും മസ്‌കറ്റിലെ ഇൻഡിഗോ വിമാന അധികൃതർ പറഞ്ഞു. 

click me!