കരിപ്പൂര്‍ വിമാനാപകടം; എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഇന്ത്യന്‍ വ്യോമയാന രംഗത്തെ ഏറ്റവും വലിയ നഷ്ടപരിഹാരത്തുക

By Web TeamFirst Published Oct 29, 2020, 10:26 PM IST
Highlights

വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ കൂട്ടായ്മയാണ് എയര്‍ ഇന്ത്യയ്ക്ക് ഇന്‍ഷുറന്‍സ് തുക നല്‍കേണ്ടത്. ഇതില്‍ പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷുറന്‍സാണ് ലീഡ് പ്രൈമറി ഇന്‍ഷുറര്‍.

മുംബൈ: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ തകര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബോയിങ് 737 വിമാനത്തിന് ഇന്‍ഷുറന്‍സ് കമ്പനികള്‍ 660 കോടി രൂപ(8.9 കോടി ഡോളര്‍) നല്‍കാന്‍ തീരുമാനമായി. ഇന്ത്യന്‍ വ്യോമയാന രംഗത്ത് ഒരു കമ്പനിക്ക് ഇതുവരെ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാര തുകയാണിത്.

377.42 കോടി രൂപ(5.1 കോടി ഡോളര്‍) വിമാനത്തിനുണ്ടായ നഷ്ടത്തിന് വേണ്ടിയുള്ളതാണ്. 281.21 കോടി(3.8 കോടി ഡോളര്‍) രൂപ അപകടത്തില്‍ മരണപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത യാത്രക്കാര്‍ക്കും ബാഗേജ് നഷ്ടം ഉള്‍പ്പെടെയുള്ളവയ്ക്കുമായി ഉള്ള നഷ്ടപരിഹാരവുമാണെന്ന് ന്യൂ ഇന്ത്യ അഷുറന്‍സ് സിഎംഡി അതുല്‍ സഹായ് പറഞ്ഞു.

വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ കൂട്ടായ്മയാണ് എയര്‍ ഇന്ത്യയ്ക്ക് ഇന്‍ഷുറന്‍സ് തുക നല്‍കേണ്ടത്. ഇതില്‍ പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷുറന്‍സാണ് ലീഡ് പ്രൈമറി ഇന്‍ഷുറര്‍. ക്ലെയ്മിന്റെ ഭൂരിഭാഗവും വഹിക്കുന്നത് ആഗോള ഇന്‍ഷുറന്‍സ് കമ്പനികളാണ്. ഭൂരിഭാഗം ക്ലെയിമുകളും ഫണ്ട് ചെയ്തത് ജിഐസി റി അടക്കമുള്ള ആഗോള ഇന്‍ഷുറന്‍സ് കമ്പനികളാണ്. ക്ലെയിം സെറ്റില്‍മെന്‍റിന്‍റെ ഭാഗമായി ഏഴുപത് ലക്ഷം ഡോളര്‍ നല്‍കി. 

വിമാന നഷ്ടം പരിഹരിക്കുന്നതിനുള്ള ക്ലെയിം സെറ്റില്‍മെന്‍റിനായി എയര്‍ ഇന്ത്യയ്ക്ക് 373.83 കോടി രൂപയാണ് നല്‍കേണ്ടത്. ഇതിന് പുറമെ യാത്രക്കാര്‍ക്ക് അടിയന്തര ദുരിതാശ്വാസമായി വിതരണം ചെയ്യാനുള്ള ബാധ്യതാ ഇനത്തിലെ 3.50 കോടി രൂപ ന്യൂ ഇന്ത്യ അഷുറന്‍സ് നല്‍കിയതായി സഹായ് പറഞ്ഞു. ഇന്‍ഷുറന്‍സ് തുക എല്ലാ യാത്രക്കാരുടെയും വിശദാംശങ്ങളും രേഖകളും പരിശോധിച്ച് വിലയിരുത്തിയ ശേഷം നല്‍കും. റീ ഇന്‍ഷുറര്‍ കമ്പനികളുടെ നടപടികള്‍ കൂടി പൂര്‍ത്തിയാക്കേണ്ടത് കൊണ്ട് ബാധ്യതാ ഇനത്തിലെ ക്ലെയിമുകളില്‍ നഷ്ടപരിഹാര വിതരണം പൂര്‍ത്തിയാക്കാന്‍ ഏതാനും മാസങ്ങള്‍ കൂടി വേണ്ടി വരുമെന്ന് അതുല്‍ സഹായ് കൂട്ടിച്ചേര്‍ത്തു. 

click me!