സ്വദേശി മേഖലകളിലെ പ്രവാസി ബാച്ചിലര്‍മാരെ പിടികൂടാന്‍ തിങ്കളാഴ്ച മുതല്‍ വ്യാപക പരിശോധന

By Web TeamFirst Published Jun 29, 2019, 1:11 PM IST
Highlights

തിങ്കളാഴ്ച മുതല്‍ തുടങ്ങുന്ന പരിശോധനകള്‍ക്കായി ആറ് ഗവര്‍ണറേറ്റുകളില്‍ മുനിസിപ്പാലിറ്റി അധികൃതരുടെ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ഇതിന് മേല്‍നോട്ടം വഹിക്കുന്ന ഉന്നതതല സംഘം കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് പദ്ധതികള്‍ വിലയിരുത്തി. 

കുവൈത്ത് സിറ്റി: സ്വദേശികളുടെ താമസ മേഖലകളില്‍ കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന പ്രവാസികളെ പിടികൂടാന്‍ ജൂലൈ ഒന്നു മുതല്‍ വ്യാപക പരിശോധന തുടങ്ങുമെന്ന് കുവൈത്ത് അധികൃതര്‍ അറിയിച്ചു. നിയമ വിരുദ്ധമായി ബാച്ചിലര്‍മാരെ സ്വദേശി മേഖലകളില്‍ പാര്‍പ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം. നേരത്തെ തന്നെ നടന്നുവരുന്ന പരിശോധനകള്‍ അടുത്തമാസം മുതല്‍ കര്‍ശനമാക്കും.

തിങ്കളാഴ്ച മുതല്‍ തുടങ്ങുന്ന പരിശോധനകള്‍ക്കായി ആറ് ഗവര്‍ണറേറ്റുകളില്‍ മുനിസിപ്പാലിറ്റി അധികൃതരുടെ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ഇതിന് മേല്‍നോട്ടം വഹിക്കുന്ന ഉന്നതതല സംഘം കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് പദ്ധതികള്‍ വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരാതികളും മുനിസിപ്പാലിറ്റിയെ അറിയിക്കാം. നേരിട്ടോ 139 എന്ന ഹോട്ട്‍ലൈന്‍ നമ്പറിലൂടെയോ മുനിസിപ്പാലിറ്റിയുടെ വെബ്‍സൈറ്റിലൂടെയോ പരാതികള്‍ അറിയിക്കാം.

സ്വദേശി താമസമേഖലയിൽ വിദേശികൾക്ക് വീടുകള്‍ വാടകയ്ക്ക് നൽകുന്നതിന് ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. വിദേശികൾ താമസിക്കുന്നത് സ്വദേശികൾക്ക് ഭീഷണിയാകുന്നുവെന്നായിരുന്നു ആക്ഷേപം. എന്നാല്‍ സ്വദേശികളുടെ താമസ മേഖലയിൽ വിദേശി കുടുംബങ്ങൾക്ക് താമസിക്കുന്നതിന് തടസമില്ലെന്ന് നേരത്തെ തന്നെ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ബാച്ചിലര്‍മാര്‍ക്ക് മാത്രമാണ് വിലക്ക്. 

click me!