വി. മുരളീധരന്‍ ഇടപെട്ടു; മാസങ്ങളായി ശമ്പളമില്ലാതെ ഗള്‍ഫില്‍ കുടുങ്ങിയ മലയാളിക്ക് സഹായവുമായി അധികൃതരെത്തി

Published : Jun 29, 2019, 11:54 AM IST
വി. മുരളീധരന്‍ ഇടപെട്ടു; മാസങ്ങളായി ശമ്പളമില്ലാതെ ഗള്‍ഫില്‍ കുടുങ്ങിയ മലയാളിക്ക് സഹായവുമായി അധികൃതരെത്തി

Synopsis

സൗദിയിലെ പ്രവാസികളുമായി ബന്ധപ്പെട്ട മറ്റൊരു വിഷയത്തില്‍ എംബസി അധികൃതരോട് ഇടപെടാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള വി. മുരളീധരന്റെ ട്വീറ്റിന് ചുവടെയാണ് രാജേഷ് തന്റെ പ്രശ്നം വിവരിച്ചത്. കമന്റ് ശ്രദ്ധയില്‍പെട്ട വിദേശകാര്യ സഹമന്ത്രി യുഎഇയിലെ എംബസിയോട് ഉടന്‍തന്നെ പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. 

ദുബായ്: മാസങ്ങളായി ശമ്പളമില്ലാതെ ദുബായില്‍ കുടുങ്ങിയ പ്രവാസിക്ക് സഹായവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരെത്തി. താമസ സ്ഥലത്ത് ഭക്ഷണമോ വൈദ്യുതിയോ ഇല്ലാതെ ദുരിതത്തിലായിരുന്ന മലയാളി യുവാവ് രാജേഷ് ട്വിറ്ററിലൂടെ ഇക്കാര്യം കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ അറിയിച്ചതോടെയാണ് അടിയന്തര ഇടപെടലുണ്ടായത്. 

കഴിഞ്ഞ വര്‍ഷമാണ് ദുബായിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയില്‍ രാജേഷ് സെയില്‍ അസോസിയേറ്റായി ജോലിയില്‍ പ്രവേശിച്ചത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ  സ്ഥാപനത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങി. സൂപ്പര്‍മാര്‍ക്കറ്റ് ഉടമകള്‍ സ്ഥാപനം മറ്റൊരു വ്യവസായിക്ക് വിറ്റു. ഇതോടെയാണ് മൂന്ന് സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങാന്‍ തുടങ്ങിയത്. ശമ്പള കുടിശിക നല്‍കാനാവില്ലെന്ന നിലപാടായിരുന്നു പുതിയ ഉടമ സ്വീകരിച്ചത്.

മാസങ്ങള്‍ നീണ്ട അനിശ്ചിതാവസ്ഥക്ക് ശേഷം രാജേഷും ഒപ്പം ജോലി ചെയ്തിരുന്ന ഏതാനും പേരും ചേര്‍ന്ന് യുഎഇ മാനവ വിഭവശേഷി മന്ത്രാലയത്തില്‍ പരാതി നല്‍കി. ജീവനക്കാര്‍ക്ക് അനുകൂലമായ വിധിയായിരുന്നു മന്ത്രാലയത്തില്‍ നിന്നുണ്ടായത്. രാജേഷിന് 14,000 ദിര്‍ഹം നല്‍കാനും തൊഴിലുടമയോട് നിര്‍ദേശിച്ചു. എന്നാല്‍ ഈ വിധിയും അംഗീകരിക്കാന്‍ തൊഴിലുടമ തയ്യാറായില്ല.

നാട്ടില്‍ തുടങ്ങിയ വീടുപണി പൂര്‍ത്തിയാക്കാനാവാതെ പാതി വഴിയിലായി. വീട്ടുകാര്‍ കാത്തിരിക്കുകയാണെങ്കിലും ഭക്ഷണത്തിനും മറ്റുള്ള പ്രാഥമിക ആവശ്യങ്ങള്‍ക്കും പോലും പണമില്ലാതെ നാട്ടിലേക്ക് മടങ്ങാനാവില്ല. ടിക്കറ്റെടുക്കാന്‍ പോലും കൈയില്‍ കാശില്ലാത്ത അവസ്ഥയാണെന്നും രാജേഷ് 'ഖലീജ് ടൈംസിനോട്' പറ‍ഞ്ഞു. സുഹൃത്തുക്കളില്‍ പലരും വിസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങി. കമ്പനി നല്‍കിയ താമസ സ്ഥലത്ത് വൈദ്യുതി ഉല്‍പ്പെടെ എല്ലാം മുടങ്ങി. സുമനസുകള്‍ നല്‍കുന്ന ഭക്ഷണത്തെ ആശ്രയിച്ച് കുടിശികയുള്ള ശമ്പളം കിട്ടുന്നതും കാത്ത് ആറ് മാസമായി ദുബായില്‍ ദിവസങ്ങള്‍ തള്ളിനീക്കുകയായിരുന്നു. ഇതിനിടെയാണ് ട്വിറ്ററിലൂടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രിക്ക് പരാതി അറിയിച്ചത്.

സൗദിയിലെ പ്രവാസികളുമായി ബന്ധപ്പെട്ട മറ്റൊരു വിഷയത്തില്‍ എംബസി അധികൃതരോട് ഇടപെടാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള വി. മുരളീധരന്റെ ട്വീറ്റിന് ചുവടെയാണ് രാജേഷ് തന്റെ പ്രശ്നം വിവരിച്ചത്. കമന്റ് ശ്രദ്ധയില്‍പെട്ട വിദേശകാര്യ സഹമന്ത്രി യുഎഇയിലെ എംബസിയോട് ഉടന്‍തന്നെ പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കകം തന്നെ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് രാജേഷിന് ഫോണ്‍കോള്‍ ലഭിച്ചു. പ്രശ്നം എത്രയും വേഗം പരിഹരിക്കാന്‍ കേന്ദ്രമന്ത്രി തങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും ഉടന്‍ പരിഹാരമുണ്ടാക്കുമെന്നും എംബസി അധികൃതര്‍ അറിയിച്ചു. രാജേഷുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും. തന്നെ നാട്ടിലെത്തിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതനുസരിച്ച് മൂന്നോ നാലോ ദിവസത്തിനുള്ളില്‍ വിമാന ടിക്കറ്റ് ശരിയാക്കി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ