
ദുബായ്: ദുബായ് വിമാനത്താവളത്തിന് സമീപം ചെറുവിമാനം തകര്‍ന്നുവീണ് നാല് പേര്‍ മരിച്ച സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിമാനത്താവളത്തില്‍ ലാന്റ് ചെയ്ത മറ്റൊരു വലിയ വിമാനവുമായി വേണ്ടത്ര അകലം പാലിക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി കണ്ടെത്തിയിരിക്കുന്നത്.
മേയ് 16നാണ് ഡയമണ്ട് ഡിഎ 62 വിഭാഗത്തില്‍ പെടുന്ന വിമാനം ലാന്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ തകര്‍ന്നുവീണത്. വിമാനത്താവളത്തിന് സമീപത്തുള്ള മുശ്റിഫ് പാര്‍ക്കിലേക്ക് വിമാനം ഇടിച്ചിറങ്ങുകയായിരുന്നു. മൂന്ന് ബ്രിട്ടീഷ് പൗരന്മാരും ഒരു ദക്ഷിണാഫ്രിക്കന്‍ പൗരനും അപകടത്തില്‍ മരിച്ചു. തായ് എയര്‍വേയ്സിന്റെ എ350 വിഭാഗത്തില്‍ പെടുന്ന വലിയ വിമാനം ദുബായ് വിമാനത്താവളത്തില്‍ ലാന്റ് ചെയ്തതിന് പിന്നാലെ വേണ്ടത്ര അകലം പാലിക്കാതെയാണ് ഇരട്ട പ്രൊപ്പല്ലര്‍ എഞ്ചിനുള്ള ചെറുവിമാനവും ലാന്റ് ചെയ്യാന്‍ ശ്രമിച്ചത്. വിമാനത്തിന് ആദ്യം നിയന്ത്രണം നഷ്ടമായെങ്കിലും പൈലറ്റിന് അതിജീവിക്കാനായി. പിന്നീട് ഏഴ് സെക്കന്റുകള്‍ക്ക് ശേഷം വീണ്ടും നിയന്ത്രണം നഷ്ടമായി തകര്‍ന്നുവീഴുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.
വിമാനത്താവളത്തിന് എട്ട് കിലോമീറ്റര്‍ അകലെ എമിറേറ്റ്സ് വാട്ടര്‍ റിസര്‍വോയറിന് സമീപത്താണ് വിമാനം തകര്‍ന്നുവീണത്. ചെറിയ വിമാനമായിരുന്നതിനാല്‍ ബ്ലാക് ബോക്സോ വോയിസ് റെക്കോര്‍ഡറോ ഉണ്ടായിരുന്നില്ല. വിമാനത്താവളത്തിലെ റണ്‍വേ ലൈറ്റുകളും മറ്റ് സംവിധാനങ്ങളും പരിശോധിക്കുന്നതിന് ഉപയോഗിച്ചിരുന്ന വിമാനമായിരുന്നു ഇത്. റണ്‍വേ അറ്റകുറ്റപ്പണികള്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് ഈ വിമാനത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നത്. സംഭവ ദിവസം മാത്രം ഒന്‍പത് തവണ വിമാനം സുരക്ഷിതമായി ലാന്റ് ചെയ്തിരുന്നു.
മാനദണ്ഡങ്ങള്‍ പാലിക്കാതെ വലിയ വിമാനത്തെ ഏറെനേരം പിന്തുടര്‍ന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ട മുന്നറിയിപ്പ് നല്‍കുന്നതില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന് വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam