ഇറാനുമേല്‍ അമേരിക്കയുടെ പുതിയ ഉപരോധങ്ങള്‍

By Web TeamFirst Published Jun 25, 2019, 12:14 AM IST
Highlights

ആണവകരാറിൽ നിന്ന് പിൻമാറിയ അമേരിക്ക കഴിഞ്ഞ വർഷം തന്നെ ഇറാനുമേൽ ഉപരോധങ്ങൾ പുനസ്ഥാപിച്ചിരുന്നു

ടെഹ്റാന്‍: ഇറാനുമേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്ക. ഇറാന്‍റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി ഉൾപ്പെടെയുള്ളവരുടെ വരുമാന സ്രോതസ് ലക്ഷ്യമിട്ടാണ് പുതിയ ഉപരോധം. ഉത്തരവിൽ ട്രംപ് ഒപ്പിട്ടതോടെ ഖമനേയി ഉൾപ്പെടെ 9 നേതാക്കൾക്ക് യുഎസ് ബന്ധമുള്ള സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ചിരുന്ന വരുമാനം നിലയ്ക്കും.

ഡ്രോൺ വെടിവച്ചിട്ട ഇറാന് തക്ക മറുപടി എന്ന വിശേഷണത്തോടെയാണ് പുതിയ ഉപരോധ ഉത്തരവിൽ ഡോണൾഡ് ട്രംപ് ഒപ്പുവച്ചത്. തങ്ങളുടെ സൈനിക നിയന്ത്രണം തകർക്കാൻ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ സൈബർ ആക്രമണം പാളിപ്പോയതായി ഇറാൻ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇറാന്‍റെ പരമോന്നത നേതാവായ അയത്തൊള്ള അലി ഖമനേയിയെ തന്നെ ട്രംപ് ഉന്നംവച്ചത്. 

ഖമനേയിയുടേയും ഇറാൻ റവലൂഷണറി ഗാർഡ്സിനെ നിയന്ത്രിക്കുന്ന എട്ട് സൈനിക കമാൻഡർമാരുടേയും വരുമാന സ്രോതസുകള്‍ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാനാണ് നീക്കം. പുതിയ ഉപരോധ ഉത്തരവനുസരിച്ച് അമേരിക്കൻ നിയന്ത്രണമുള്ള  സ്ഥാപനങ്ങളിൽ നിന്ന് ഇവർക്ക് ലഭിച്ചിരുന്ന വരുമാനം നിലയ്ക്കും. തങ്ങൾക്ക് വേണ്ടപ്പെട്ടവരെ ഈ സ്ഥാപനങ്ങളിൽ നിയോഗിക്കാനുമാവില്ല.

എണ്ണ ഇറക്കുമതിക്കുൾപ്പെടെ നേരത്തെ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കൊപ്പം പുതിയ വിലക്ക് കൂടി വരുന്നതോടെ ഇറാനെ സമ്മർദ്ദത്തിലാക്കാനാകും എന്ന കണക്കുകൂട്ടലിലാണ് അമേരിക്ക. ഇതിനൊപ്പം തന്നെ സൗദിയും അബുദാബിയും സന്ദർശിച്ച സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വഴി ഇരുരാജ്യങ്ങളുടേയും പിന്തുണ ഉറപ്പാക്കാനുള്ള നീക്കവും ട്രംപ് നടത്തിയിട്ടുണ്ട്. അതേസമയം പിന്നോട്ടില്ലെന്ന നിലപാടിൽ തന്നെയാണ് ഇറാൻ. നയതന്ത്രതലത്തിലുള്ള പരിഹാരമല്ല യുദ്ധവെറിയാണ് ട്രംപിനെ നയിക്കുന്നതെന്ന്  ഇറാൻ വിദേശകാര്യമന്ത്രി ജാവേദ് ഷരീഫ് കുറ്റപ്പെടുത്തി. ഈയാഴ്ച തന്നെ ഷറീഫിനെതിരെ കൂടി ഉപരോധം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചാണ് അമേരിക്ക ഈ വിമർശനത്തെ നേരിടുന്നത്.

click me!