സൗദിയില്‍ സ്‍കൂളിന് പുറത്തുവെച്ച് അധ്യാപകനെ വെടിവെച്ചുകൊന്ന വിദ്യാര്‍ത്ഥി കുറ്റം സമ്മതിച്ചു

By Web TeamFirst Published Jan 1, 2021, 9:20 PM IST
Highlights

അതീവ ഗുരുതരാവസ്ഥയില്‍ ഒരാഴ്‍ചയോളം ആശുപത്രിയില്‍ കഴിഞ്ഞിരുന്ന അധ്യാപകന്‍ കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. പ്രതിയുടെ സഹോദരനെയും അധികൃതര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

റിയാദ്: സൗദി അറേബ്യയില്‍ വിദ്യാര്‍ത്ഥി സ്‍കൂളിന് പുറത്തുവെച്ച് അധ്യാപകനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ അന്വേഷണം തുടരുന്നതായി പബ്ലിക് പ്രോസിക്യൂഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈജിപ്‍ത് സ്വദേശിയായ 35 വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 14 വയസുള്ള ബാലനാണ് പ്രതി. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും അന്വേഷണം പൂര്‍ത്തിയാക്കി വരികയാണെന്നും അധികൃതര്‍ അറിയിച്ചു.

സുലൈലിലെ ദലീലുത്തഅല്ലും സ്‍കൂളിലെ അധ്യാപകനായിരുന്ന ഹാനി അബ്‍ദുല്‍തവ്വാബ് ആണ് കൊല്ലപ്പെട്ടത്. പരീക്ഷയില്‍ ലഭിച്ച മാര്‍ക്കില്‍ സംതൃപ്‍തനല്ലാതിരുന്ന വിദ്യാര്‍ത്ഥി, ഇതേച്ചൊല്ലി അധ്യാപകനുമായി വാക്കേറ്റമുണ്ടായി. ഇതിന് ശേഷം 16 വയസുകാരനായ സഹോദരനൊപ്പം സ്‍കൂളിന് പുറത്തു കാത്തുനിന്ന പ്രതി, അധ്യാപകന്‍ സ്‍കൂളിന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ തലയില്‍ നിറയൊഴിക്കുകയുമായിരുന്നു.

അതീവ ഗുരുതരാവസ്ഥയില്‍ ഒരാഴ്‍ചയോളം ആശുപത്രിയില്‍ കഴിഞ്ഞിരുന്ന അധ്യാപകന്‍ കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. പ്രതിയുടെ സഹോദരനെയും അധികൃതര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൗദി അറേബ്യയിലെ നീതിന്യായ സംവിധാനത്തില്‍ വിശ്വാസമുണ്ടെന്നും നിയമം അനുശാസിക്കുന്ന ശിക്ഷ കുറ്റവാളികള്‍ക്ക് ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നും ഈജിപ്‍തിലെ കുടിയേറ്റ-പ്രവാസികാര്യ മന്ത്രി നബീല മക്റം പ്രതികരിച്ചു. ഭാര്യയും രണ്ട് മക്കളുമുണ്ട് കൊല്ലപ്പെട്ട അധ്യാപകന്.

click me!