വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദിച്ചുകൊന്ന കുവൈത്തി വനിതയ്‍ക്ക് വധശിക്ഷ വിധിച്ചു

By Web TeamFirst Published Jan 1, 2021, 7:54 PM IST
Highlights

ശരീരം നിറയെ മര്‍ദനമേറ്റ പാടുകളും മുറിവുകളുമായി ഇവരുടെ മൃതദേഹം സബാഹ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം അറിയിച്ചത്.

കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വദേശി വനിതയ്‍ക്ക് കുവൈത്ത് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. കുറ്റകൃത്യം മറച്ചുവെച്ചതിന് ഇവരുടടെ ഭര്‍ത്താവിനെ നാല് വര്‍ഷം കഠിന തടവിനും കോടതി ശിക്ഷിച്ചിട്ടുണ്ട്.

ഫിലിപ്പൈന്‍സ് സ്വദേശിനായായിരുന്ന ജോലിക്കാരിയെ ദീര്‍ഘ നാളായി കുവൈത്തി വനിത ക്രൂരമായി മര്‍ദിക്കുകയും വീട്ടിലെ ഒരു മുറിയില്‍ പൂട്ടിയിട്ട് ചികിത്സ നിഷേധിക്കുകയുമായിരുന്നു. മര്‍ദനത്തിനൊടുവില്‍ ജോലിക്കാരി മരിച്ചു. ശരീരം നിറയെ മര്‍ദനമേറ്റ പാടുകളും മുറിവുകളുമായി ഇവരുടെ മൃതദേഹം സബാഹ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം അറിയിച്ചത്.

പ്രാഥമിക പരിശോധനയില്‍ തന്നെ അസ്വഭാവിക മരണമാണെന്ന് വ്യക്തമായതോടെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്‍തു. മൃതദേഹം ആശുപത്രിയിലെത്തിച്ച സ്‍പോണ്‍സറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‍തതില്‍ നിന്നാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. തന്റെ ഭാര്യ ജോലിക്കാരിയെ ക്രൂരമായി മര്‍ദിക്കുമായിരുന്നുവെന്നും മര്‍ദനമേറ്റ് ബോധരഹിതയായപ്പോഴാണ് താന്‍ ആശുത്രിയിലെത്തിച്ചതെന്നും ഇയാള്‍ പറഞ്ഞു. വീട്ടുജോലിക്കാരി മരിച്ചിരുന്നുവെന്ന് താന്‍ അറിഞ്ഞില്ലെന്നും ഇയാളുടെ മൊഴിയിലുണ്ട്. 

കുവൈത്തി വനിതയെ തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കാനാണ് ക്രിമിനല്‍ കോടതിയുടെ ഉത്തരവ്.
നീതി ഉറപ്പാക്കുന്നതും ശരീഅത്ത് നിയമങ്ങള്‍ അനുശാസിക്കുന്നത് പ്രകാരവുമുള്ള വിധിയാണെന്ന് കുവൈത്തിലെ ഫിലിപ്പൈന്‍സ് എംബസി അണ്ടര്‍ സെക്രട്ടറി അറ്റോര്‍ണി ഫൗസിയ അല്‍ സബാഹ് പറഞ്ഞു.

click me!