
റിയാദ്: ഇസ്രായേലുമായുള്ള വെടിനിർത്തലിന് ശേഷം ഇറാൻ വിദേശകാര്യ മന്ത്രിയുടെ ആദ്യ ഗൾഫ് സന്ദർശനം സൗദിയിൽ. പ്രാദേശിക നയതന്ത്ര സമ്മർദങ്ങൾക്കിടെ മേഖലയിലെ വിവിധ രാജ്യങ്ങളിൽ നടത്തുന്ന ഔദ്യോഗിക പര്യടനത്തിെൻറ ഭാഗമായാണ് ഡോ. അബ്ബാസ് അരാഗ്ച്ചി സൗദിയിലെത്തിയത്. ബുധനാഴ്ച രാവിലെ ജിദ്ദയിലെത്തിയ അദ്ദേഹത്തെ സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനാണ് വരവേറ്റത്. ശേഷം ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിലെത്തിയ ഇറാൻ വിദേശകാര്യമന്ത്രിയെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഊഷ്മളമായി വരവേൽക്കുകയും വിശദമായ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രക്ഷുബ്ധമായ നിലവിലെ സാഹചര്യം മറികടക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു കൂടിക്കാഴ്ച. സൗദിയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും പരിഹരിക്കാനുള്ള ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു. മേഖലയിലെ സുരക്ഷയും സ്ഥിരതയും വര്‍ധിക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ സഹായിക്കുമെന്ന് സൗദി കിരീടാവകാശി പ്രത്യാശ പ്രകടിപ്പിച്ചു. തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗമായി നയതന്ത്ര മാര്‍ഗങ്ങളിലൂടെയുള്ള സംഭാഷണത്തെ പിന്തുണക്കുന്നതില്‍ സൗദി അറേബ്യയുടെ നിലപാട് അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ച സൗദി അറേബ്യയുടെ നിലപാടിന് ഇറാന്‍ വിദേശകാര്യ മന്ത്രി നന്ദി അറിയിക്കുകയും മേഖലയില്‍ സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കാനുള്ള കിരീടാവകാശിയുടെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു.
വിദേശകാര്യ മന്ത്രി അമീർ ഫൈസല്‍ ബിന്‍ ഫര്‍ഹാനെ കൂടാതെ പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിന്‍ സല്‍മാന്‍, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അൽ ഈബാന്‍, സൗദിയിലെ ഇറാന്‍ അംബാസഡര്‍ അലി റിസ ഇനായത്തി, നിയമ, അന്താരാഷ്ട്ര കാര്യങ്ങള്‍ക്കുള്ള വിദേശകാര്യ സഹമന്ത്രി ഖാസിം ഗരിബാബാദി, വിദേശ മന്ത്രാലയ വക്താവ് ഇസ്മാഈല്‍ ബഖാഇ, ജിദ്ദയിലെ ഇറാന്‍ കോണ്‍സല്‍ ജനറല്‍ ഹസന്‍ സര്‍നകാര്‍ എന്നിവര്‍ അൽ സലാം കൊട്ടാരത്തിലെ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു. പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിന്‍ സല്‍മാനും വിദേശകാര്യ മന്ത്രി അമീർ ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായും ഇറാന്‍ വിദേശ മന്ത്രി പ്രത്യേകം ചര്‍ച്ചകൾ നടത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ