
അബുദബി: ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ പലസ്തീന്‍ പൗരന്മാരുമായുള്ള ആദ്യ വിമാനം യുഎഇയിലെത്തി. ഇവര്‍ക്ക് ആവശ്യമായ ചികിത്സ ഉള്‍പ്പെടെ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തില്‍നിന്നും ഇവരെ ആശുപത്രികളിലേക്ക് മാറ്റി. ഇവര്‍ക്കുള്ള ചികിത്സയും ആരംഭിച്ചു. 9 കുട്ടികൾ, അവരുടെ കുടുംബം, ഗർഭിണിയായ സ്ത്രീ, മുതിർന്ന പൗരന്മാർ ഉൾപ്പടെ 52 യാത്രക്കാരാണ് ആദ്യ വിമാനത്തിലുണ്ടായിരുന്നത്. ആരോഗ്യപ്രവർത്തകരും, യുഎഇയുടെ ഉന്നത ഉദ്യോഗസ്ഥരും വിമാനത്തിൽ ഇവരെ അനുഗമിച്ചു. പലസ്തീനിൽ പരിക്കേറ്റകുട്ടികൾ ഉൾപ്പടെ ആയിരം പേർക്ക് യുഎഇയിൽ ചികിത്സ നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ആദ്യ വിമാനമെത്തിയത്. ആയിരം കാൻസർ രോഗികൾക്ക് കൂടി യുഎഇയിൽ ചികിത്സ നൽകാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാൻ നിർദേശം നൽകി.
ഇതിനിടെ, ഇസ്രയേല്‍ സൈന്യം, ഹമാസിന്‍റെ ഒളിത്താവളം കണ്ടെത്താനായി പരിശോധന നടത്തുന്ന ഗാസയിലെ അല്‍ ശിഫ ആശുപത്രിയില്‍ രണ്ട് ദിവസത്തിനിടെ 24 രോഗികള്‍ മരിച്ചു. ഗാസ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ അവസ്ഥ ആരോഗ്യ മന്ത്രാലയം വക്താവ് അഷ്റഫ് അല്‍ ഖുദ്റയാണ് വെളിപ്പെടുത്തിയത്. വൈദ്യുതി മുടങ്ങിയതിനാല്‍ പ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാതെ വന്നതാണ് ആശുപത്രിയിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ ചികിത്സയിലിരുന്ന ഇത്രയും പേര്‍ മരണപ്പെടാന്‍ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന 27 മുതിര്‍ന്നവരും ഏഴ് കുഞ്ഞുങ്ങളും മരിച്ചതായി തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ജനറേറ്ററുകളില്‍ ഇന്ധനം തീര്‍ന്നതിനാല്‍ ജീവന്‍ രക്ഷാ ഉപാധികള്‍ പ്രവര്‍ത്തിക്കായതോടെയാണ് രോഗികള്‍ കൂട്ടത്തോടെ മരിക്കുന്നത്.
അൽഷിഫയിൽ 170 കുഴിമാടങ്ങൾ തയ്യാറാകുന്നു; പ്രതിഷേധത്തിനിടെ ഗാസയിലേക്ക് ഇൻക്യൂബേറ്ററുകളുമായി ഇസ്രയേൽ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam