Asianet News MalayalamAsianet News Malayalam

വൈദ്യുതി നിലച്ചതിനാല്‍ രണ്ട് ദിവസത്തിനിടെ മരിച്ചത് 24 രോഗികളെന്ന് ഗാസയിലെ അല്‍ ശിഫ ആശുപത്രി അധികൃതര്‍

ജനറേറ്ററുകളില്‍ ഇന്ധനം തീര്‍ന്നതിനാല്‍ ജീവന്‍ രക്ഷാ ഉപാധികള്‍ പ്രവര്‍ത്തിക്കായതോടെയാണ് രോഗികള്‍ കൂട്ടത്തോടെ മരിക്കുന്നത്. 
 

24 patients died within two days in Al Shifa hospital in Gaza says health ministry afe
Author
First Published Nov 18, 2023, 12:56 AM IST

ഗാസ സിറ്റി: ഇസ്രയേല്‍ സൈന്യം, ഹമാസിന്റെ ഒളിത്താവളം കണ്ടെത്താനായി പരിശോധന നടത്തുന്ന ഗാസയിലെ അല്‍ ശിഫ ആശുപത്രിയില്‍ രണ്ട് ദിവസത്തിനിടെ 24 രോഗികള്‍ മരിച്ചു. ഗാസ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ അവസ്ഥ ആരോഗ്യ മന്ത്രാലയം വക്താവ് അഷ്റഫ് അല്‍ ഖുദ്റയാണ് വെളിപ്പെടുത്തിയത്. വൈദ്യുതി മുടങ്ങിയതിനാല്‍ പ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാതെ വന്നതാണ് ആശുപത്രിയിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ ചികിത്സയിലിരുന്ന ഇത്രയും പേര്‍ മരണപ്പെടാന്‍ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന 27 മുതിര്‍ന്നവരും ഏഴ് കുഞ്ഞുങ്ങളും മരിച്ചതായി തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ജനറേറ്ററുകളില്‍ ഇന്ധനം തീര്‍ന്നതിനാല്‍ ജീവന്‍ രക്ഷാ ഉപാധികള്‍ പ്രവര്‍ത്തിക്കായതോടെയാണ് രോഗികള്‍ കൂട്ടത്തോടെ മരിക്കുന്നത്. 

ഗാസയെ ആക്രമിക്കാന്‍ തുടങ്ങിയ ഇസ്രയേല്‍ സൈന്യം ആദ്യം മുതല്‍ തന്നെ അല്‍ ശിഫ ആശുപത്രിയെ ലക്ഷമിട്ടിരുന്നു. ആശുപത്രിക്കുള്ളില്‍ തുരങ്കങ്ങളുണ്ടെന്നും ഇതിലിരുന്നാണ് ഹമാസ് തങ്ങള്‍ക്കെതിരായ ആക്രമണം നടത്തുന്നതെന്നുമാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. എന്നാല്‍ ഇത് പലതവണ ഹമാസ് നിഷേധിച്ചിരുന്നു. ഇസ്രയേലി സൈന്യം ബുധനാഴ്ചയാണ് ആശുപത്രിക്കുള്ളില്‍ കടന്ന് പരിശോധന തുടങ്ങിയത്. 

ഓക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ആക്രമണം നടത്തിയ ഹമാസ് ബന്ദികളാക്കിയവരെ ഇവിടെ പാര്‍പ്പിച്ചിരുന്നതിന്റെ തെളിവുകള്‍ ലഭിച്ചതായാണ് ഇസ്രയേല്‍ സൈന്യം ആരോപിക്കുന്നത്. ഇസ്രയേല്‍ സൈന്യം ആശുപത്രിയിലെ എല്ലാ മെഡിക്കല്‍ സംവിധാനങ്ങളും നശിപ്പിച്ചതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം ആരോപിച്ചു. ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പ്രകാരം 2300ഓളം രോഗികളും ജീവനക്കാരും ഇവര്‍ക്ക് പുറമെ അഭയാര്‍ത്ഥികളാക്കപ്പെട്ട നിരവധി പലസ്തീനികളും ഇവിടെ ഉണ്ടായിരുന്നു.

Read also:  ഗാസ; അയാളുടെ തലയിലെ വലിയ കെട്ട് അഭിനയമെന്ന് ഒരുപക്ഷം! വീഡിയോ യഥാര്‍ഥമെന്ന് തെളിവുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios