
തിരുവനന്തപുരം: പ്രവാസികള്‍ക്ക് പ്രത്യേക വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒ.ടി.പി ലഭിക്കുന്നതിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആധാറുമായി ലിങ്ക് ചെയ്‍തിട്ടുള്ള മൊബൈല്‍ നമ്പറുകളിലേക്ക് മാത്രം ഒ.ടി.പി ലഭിക്കുന്ന സാഹചര്യമുണ്ടെന്നും ഭൂരിഭാഗം പേരും ആധാറില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ത്തിട്ടില്ലാത്തതിനാല്‍ കൈവശമുള്ള മൊബൈല്‍ നമ്പറില്‍ ഒ.ടി.പി ലഭ്യമാക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
കേന്ദ്ര സര്‍ക്കാറിന്റെ നേരത്തെയുണ്ടായിരുന്ന മാര്‍ഗനിര്‍ദേശപ്രകാരം ഒന്നാം ഡോസ് വാക്സിന്‍ സ്വീകരിച്ച് നാല് മുതല്‍ ആറ് ആഴ്‍ചകള്‍ക്കിടെ രണ്ടാം ഡോസ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിരവധിപ്പേര്‍ വിദേശ യാത്രകള്‍ക്ക് തയ്യാറെടുത്തിരുന്നു. എന്നാല്‍ പുതിയ മാനദണ്ഡപ്രകാരം ഇടവേള 12 മുതല്‍ 16 ആഴ്ച വരെയാക്കി ദീര്‍ഘിപ്പിച്ചത് അവരെ ബുദ്ധിമുട്ടിലാക്കി. ഇതിന് പുറമെ പല രാജ്യങ്ങളും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‍പോര്‍ട്ട് നമ്പര്‍ വേണമെന്ന് നിഷ്‍കര്‍ഷിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ കോവിന്‍ പോര്‍ട്ടലില്‍ ഇതിനുള്ള സംവിധാനമില്ല. കോവാക്സിന് ഡബ്ല്യൂ.എച്ച്.ഒ അംഗീകാരമില്ലാത്തിനാല്‍ പല രാജ്യങ്ങളും ഈ വാക്സിനെടുത്തവര്‍ക്ക് പ്രവേശനാനുമതി നല്‍കുന്നില്ല. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിണ്ട്.
ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ നടപടികള്‍ സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്തേക്ക് ജോലി, പഠന ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് സംസ്ഥാനം വാങ്ങിയ വാക്സിന്‍ നല്‍കും. പാസ്‍പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടുത്തിയ പ്രത്യേക സര്‍ട്ടിഫിക്കറ്റും ഇവര്‍ക്ക് ലഭ്യമാക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കാണ് ഇതിന്റെ ചുമതലയുള്ളത്. വിസ, വിദേശത്തെ തൊഴില്‍ അല്ലെങ്കില്‍ വിദ്യാഭ്യാസ രേഖകള്‍ സഹിതമാണ് ബന്ധപ്പെടേണ്ടതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam