പൈലറ്റുമാര്‍ക്ക് 'അസുഖം'; ജെറ്റ് എയര്‍വേയ്സ് 14 വിമാനങ്ങള്‍ റദ്ദാക്കി

By Web TeamFirst Published Dec 3, 2018, 11:15 AM IST
Highlights

ജീവനക്കാര്‍ക്ക് സെപ്തംബറിലെ ശമ്പളം ഭാഗികമായി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ അതിന് ശേഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ശമ്പളം മടങ്ങിയിട്ടുണ്ടെന്നുമാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ദില്ലി: പൈലറ്റുമാര്‍ ഒരുമിച്ച് അപ്രതീക്ഷിത അവധി എടുത്തതോടെ ഞായറാഴ്ച ജെറ്റ് എയര്‍വേയ്സിന്റെ 14 വിമാനങ്ങള്‍ റദ്ദാക്കി. അസുഖം കാരണം അവധിയെടുക്കുന്നുവെന്നാണ് പൈലറ്റുമാര്‍ അറിയിച്ചതെങ്കിലും മാസങ്ങളായി ശമ്പളം മുടങ്ങുന്നതിലുള്ള പ്രതിഷേധമാണ് പിന്നിലെന്നാണ് അനൗദ്ദ്യോഗിക വിവരം. കടുത്ത നഷ്ടം നേരിടുന്ന ജെറ്റ് എയര്‍വേയ്സില്‍ സീനിയര്‍ മാനേജ്മെന്റ് ഉദ്ദ്യോഗസ്ഥര്‍ക്കും പൈലറ്റുമാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും പോലും ഓഗസ്റ്റ് മുതല്‍ ശമ്പളം ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജീവനക്കാര്‍ക്ക് സെപ്തംബറിലെ ശമ്പളം ഭാഗികമായി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ അതിന് ശേഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ശമ്പളം മടങ്ങിയിട്ടുണ്ടെന്നുമാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതേ തുടര്‍ന്നാണ് അസുഖ കാരണം ചൂണ്ടിക്കാട്ടി പൈലറ്റുമാര്‍ ഞായറാഴ്ച കൂട്ട അവധിയെടുത്തത്. പൈലറ്റുമാരുടെ സംഘടനയായ നാഷണല്‍ ഏവിയേറ്റേഴ്സ് ഗില്‍ഡ് ഈ വിഷയത്തില്‍ വേണ്ടവിധം മാനേജ്മെന്റുമായി ചര്‍ച്ചകള്‍ നടത്തുന്നില്ലെന്ന പരാതിയും ഇവര്‍ക്കുണ്ട്. ഈ രീതിയില്‍ ജോലി ചെയ്യാന്‍ കഴിയില്ലെന്ന് കാണിച്ച് ഒരുകൂട്ടം പൈലറ്റുമാര്‍ ചെയര്‍മാന്‍ നരേഷ് ഗോയലിന് കത്തെഴുതിയിട്ടുണ്ട്.

എന്നാല്‍ പെട്ടെന്നുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണമാണ് സര്‍വ്വീസുകള്‍ റദ്ദാക്കേണ്ടിവന്നതെന്നും പൈലറ്റുമാരുടെ പ്രതിഷേധം കാരണമല്ലെന്നുമാണ് കമ്പനി ഔദ്ദ്യോഗികമായി അറിയിച്ചത്. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാരെ എസ്.എം.എസ് വഴി വിവരം അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് മറ്റ് വിമാനങ്ങളില്‍ സൗകര്യം ചെയ്യുകയോ പണം മടക്കി നല്‍കുകയോ ചെയ്തു. പൈലറ്റുമാരും എഞ്ചിനീയര്‍മാരും ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാരുടെയും പൂര്‍ണ്ണ പിന്തുണ കമ്പനിക്ക് ഉണ്ടെന്നും ഔദ്ദ്യോഗികമായി പുറത്തുവിട്ട കുറിപ്പില്‍ അവകാശപ്പെടുന്നു.

click me!